വൈദ്യുതി മുടക്കം : പൂവച്ചൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു
1534100
Tuesday, March 18, 2025 5:59 AM IST
കാട്ടാക്കട : പൂവച്ചൽ പ്രദേശത്ത് തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് ജനജീവിതം ബുദ്ധിമുട്ടിലാക്കുന്നതായി ആരോപിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ സെക്ഷൻ ഓഫീസ് ഉപരോധിച്ചു.
മഴയായാലും വെയിലായാലും അടിക്കടി വൈദ്യുതി മുടങ്ങുന്നതു പതിവാണ്. ഇടവിട്ടുണ്ടാകുന്ന വൈദ്യുതിതടസം കച്ചവടക്കാരെയും ജനങ്ങളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരുന്നു.
മാസങ്ങളായി തുടരുന്ന വൈദ്യുതിയുടെ ഒളിച്ചുകളി പരാതിപ്പെട്ടിട്ടും ഫലമില്ലാത്ത സ്ഥിതിയായതോടെയാണ് സമരം നടത്തേണ്ടിവന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.പ്രശ്നം പരിഹരിക്കാമെന്ന അസി.എൻജിനിയറുടെ ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിച്ചു. സമരത്തിന് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഫൈസ് പൂവച്ചൽ, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷമീർ പൂവച്ചൽ തുടങ്ങിയവർ നേതൃത്വം നൽകി.