ട്രാൻസ്ജെൻഡർ സഹോദരങ്ങൾക്കുള്ള സാമൂഹിക അംഗീകാരം വർധിപ്പിക്കാൻ സാധിച്ചു: മന്ത്രി
1534110
Tuesday, March 18, 2025 6:00 AM IST
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ട്രാൻസ്ജെൻഡർ സഹോദരങ്ങളുടെ ദൃശ്യതയും സാന്നിധ്യവും വർധിപ്പിക്കാനും അവർക്കുള്ള സാമൂഹിക അംഗീകാരം വളർത്തിയെടുക്കാനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി ഡോ. ആർ. ബിന്ദു. ട്രാൻസ്ജെൻഡർ സംസ്ഥാന കലോത്സവം "വർണപ്പകിട്ടി'ന്റെ സമാപന സമ്മേളനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ന് കേരളത്തിലെ ഒട്ടനവധി ട്രാൻസ് സഹോദരങ്ങൾ വിവിധ കർമമേഖലകളിൽ തിളക്കമാർന്ന വ്യക്തിമുദ്രകൾ പതിപ്പിച്ച് തലയുയർത്തിപ്പിടിച്ച് നിൽക്കുന്നു എന്നത് അഭിമാനകരമാണ്. 2014 ലെ നൽസ ജഡ്ജ്മെന്റ് സുപ്രീംകോടതി പുറപ്പെടുവിക്കുമ്പോൾ സമൂഹത്തിലെ എല്ലാ കർമമേഖലകളിലും യാതൊരു വിധത്തിലുള്ള വിവേചനങ്ങളും അസമത്വങ്ങളും അനീതികളും കൂടാതെ കടന്നുവരാനും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാനുമുള്ള ട്രാൻസ് സഹോദരങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വളരെ സമർഥമായിട്ടാണ് ആ വിധിയിൽ പരാമർശിച്ചിട്ടുള്ളത്.
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളിൽ അധിഷ്ഠിതമായിട്ടുള്ള വിശകലനത്തിന്റെ പശ്ചാത്തലത്തിലാണ് മൗലികാവകാശങ്ങളുടെ ഭാഗമായി എല്ലാ മേഖലകളിലും സ്വതന്ത്രമായി, അന്തസോടെ ഇടപെടാനുള്ള ട്രാൻസ് സഹോദരങ്ങളുടെ അവകാശം സുപ്രീംകോടതി അടിവരയിട്ട് സൂചിപ്പിച്ചത്. അതിനുശേഷം ട്രാൻസ് പോളിസി അംഗീകരിച്ചുകൊണ്ട് ട്രാൻസ് സഹോദരങ്ങൾക്ക് ആയിട്ടുള്ള വിവിധ പദ്ധതികൾ സംസ്ഥാന സാമൂഹ്യനീതീ വകുപ്പ് മുന്നോട്ട് വച്ചുവെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
സാമൂഹ്യനീതി വകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സി.കെ. ഷീബ മുംതാസ്, സാമൂഹ്യനീതി വകുപ്പ് അഡീഷണൽ ഡയറക്ടർ എസ്. ജലജ, സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് മെമ്പർ ശ്യാമ എസ്. പ്രഭ, ജില്ലാ ട്രാൻസ്ജെൻഡർ ജസ്റ്റിസ് കമ്മിറ്റി മെമ്പർമാരായ എസ്.എൽ. ശ്രീമയി, അസ്മ, നക്ഷത്ര എ സി, ജാൻവിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.