പാളയം രക്തസാക്ഷി മണ്ഡപത്തിൽ മദ്യവർജന സമിതിയുടെ ഉപവാസം
1534482
Wednesday, March 19, 2025 6:34 AM IST
തിരുവനന്തപുരം: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും അക്രമങ്ങൾക്കുമെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മദ്യവർജന സമിതിയുടെനേതൃത്വത്തിൽ ഏകദിന ഉപവാസം സംഘടിപ്പിക്കും. ഇന്നു രാവിലെ 10 മുതൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന ഉപവാസം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസി ഉദ്ഘാടനം ചെയ്യും.
മദ്യവർജ്ജന സമിതി ചെയർമാൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ലഹരി നിയമം കർശനമായി നടപ്പാക്കുക, മദ്യലഭ്യത കുറയ്ക്കാനുള്ള മദ്യനയം നടപ്പാക്കുക, എലപ്പുള്ളിയിലെ ബ്രൂവറി അനുമതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപവാസം സംഘടിപ്പിക്കുന്നതെന്ന് മെത്രാപ്പോലീത്താ പറഞ്ഞു. സാമൂഹിക സാംസ്ക്കാരിക നായകൻമാർ, സഭാ സ്ഥാനികൾ തുടങ്ങിയവർ ഉപവാസത്തിൽ പങ്കെടുക്കും.