പങ്കാളിത്ത പെൻഷൻ: ജീവനക്കാരെ പണയപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
1534116
Tuesday, March 18, 2025 6:03 AM IST
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതിയിൽപെട്ട ജീവനക്കാരെ കടമെടുപ്പിനായി എൽഡിഎഫ് സർക്കാർ പണയപ്പെടുത്തുകയാണെന്നും ഇതു ചതിയും വഞ്ചനയുമാണെന്നും കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്നു വാഗ്ദാനം ചെയ്ത് അധികാരത്തിലേറി 106 മാസം പിന്നിടുന്പോഴാണ് വർഷം തോറുമുള്ള പണയപ്പെടുത്തൽ. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം സർക്കാർ മറന്നു.
വിഹിതം 14 ശതമാനം ആക്കുന്നതിനോ ഡിസിആർജി അനുവദിക്കുന്നതിനോ തയാറായില്ല. സർവീസിലിരിക്കേ മരിച്ചാൽ ആശ്രിത നിയമനം നൽകുന്നതു വരെ അവസാന ശന്പളം നൽകുമെന്ന തീരുമാനം മാറ്റി ശന്പളത്തിന്റെ 30 ശതമാനമാക്കി വെട്ടിക്കുറച്ചു.
പദ്ധതിയിൽ നിന്നു പിൻമാറാൻ നിയമ തടസങ്ങളില്ലെന്ന പുനഃപരിശോധന സമിതിയുടെ കണ്ടെത്തൽ നിലനിൽക്കേ അതിനു യാതൊരു നടപടിയുമെടുക്കാതെ, പങ്കാളിത്ത പെൻഷൻ പദ്ധതിയെ കടമെടുപ്പിനുള്ള ഉപകരണമാക്കി മാറ്റുകയാണെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദും ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമനും പറഞ്ഞു.