നല്ലെഴുത്തുകളുമായി നെയ്യാറ്റിന്‍കര ഗവ. ജെബിഎസ്
1533906
Monday, March 17, 2025 7:13 AM IST
നെയ്യാറ്റിന്‍കര : ഒന്നാം ക്ലാസ്സിലെ മാനവ് വായിച്ചത് 28 പുസ്തകങ്ങള്‍. വായന മാത്രമല്ല, ആസ്വാദനക്കുറിപ്പ് തയാറാക്കലും ആവുംവിധം ചെയ്തു. നല്ലെഴുത്തുകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഈ അക്ഷരോപഹാരം നെയ്യാറ്റിന്‍കര ഗവ. ജെബിഎസിലെ വിദ്യാര്‍ഥികളുടെ പുസ്തകാഭിമുഖ്യത്തിന്റെ നേരടയാളം.
മാനവിനെപ്പോലെ ഈ വിദ്യാലയത്തിലെ അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ നല്ലെഴുത്തുകള്‍ തയാറാക്കി കഴിഞ്ഞു. ഇളംതലമുറക്കാരുടെ വായനാ താത്പര്യത്തിന് പ്രോത്സാഹനം നല്കാനുദേശിച്ച് രൂപം നല്കിയ പദ്ധതിയാണിതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. സ്കൂളില്‍ മികച്ച ലൈബ്രറിയാണ് നിലവിലുള്ളത്. ഓരോ കുട്ടിയും കുറഞ്ഞത് പത്തു പുസ്തകങ്ങളെങ്കിലും ലൈബ്രറിയില്‍ നിന്നുമെടുത്ത് വായിച്ചിരിക്കണമെന്ന് സ്കൂള്‍ അധികൃതര്‍ നിര്‍ദേശം നല്കി. വായിച്ച പുസ്തകങ്ങളുടെ ആസ്വാദന കുറിപ്പുകളും എഴുതണം.
ഇത്തരത്തില്‍ എഴുതിക്കിട്ടിയ കുറിപ്പുകള്‍ ഓരോ കുട്ടികളുടെയും പേരില്‍ തന്നെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതാണ് നല്ലെഴുത്തുകള്‍. കവര്‍ പേജില്‍ കുട്ടിയുടെ പേരും ക്ലാസും രേഖപ്പെടുത്തിയിട്ടുണ്ട്. അകത്തെ പേജില്‍ പ്രഥമാധ്യാപികയുടെ സന്ദേശവും ക്ലാസ് അധ്യാപികയുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ആകര്‍ഷകമായ ഡിസൈനാണ് ഈ പുസ്തകങ്ങളുടെ മറ്റൊരു സവിശേഷത. സ്കൂളിലെ മികവിന്റെ ഉദാഹരണമാണ് നല്ലെഴുത്തുകളെന്നും കേരളത്തില്‍ തന്നെ ആദ്യമായാണ് ഒരു വിദ്യാലയം ഇങ്ങനെയൊരു സംരംഭം നടപ്പിലാക്കിയിരിക്കുന്നതെന്നും അധ്യാപകര്‍ കൂട്ടിച്ചേര്‍ത്തു.