എൽബിഎസ് വനിതാ എൻജിനീയറിംഗ് കോളജ് ഹോസ്റ്റലിൽ സ്മാർട്ട് കമ്പ്യൂട്ടർ ലാബ്
1534112
Tuesday, March 18, 2025 6:00 AM IST
തിരുവനന്തപുരം: പൂജപ്പുര എൽബിഎസ് വനിതാ എൻജിനീറിംഗ് കോളജിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) പദ്ധതി പ്രകാരം നിർമിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം യൂണിയൻ ബാങ്ക് മംഗലൂരു സോൺ ജനറൽ മാനേജർ രേണു കെ. നായർ നിർവഹിച്ചു.
25 ലക്ഷം രൂപ ചെലവഴിച്ചാണ് 25 കമ്പ്യൂട്ടർ ഉൾപ്പടെ ഇരുപത്തി നാലു മണിക്കൂറും ഇന്റർനെറ്റു സൗകര്യത്തോടു കൂടിയ പദ്ധതി പൂർത്തിയാക്കിയത്. ഹോസ്റ്റൽ അന്തേവാസികളായ നാനൂറോളം വിദ്യാർഥിനികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ചടങ്ങിൽ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക് നോളജി ഡയറക്ടർ ഡോ. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറി ജഹാംഗീർ എസ് മുഖ്യാതിഥിയായിരിന്നു.
പ്രിൻസിപ്പൽ ഡോ. എം.ബി. സ്മിതമോൾ സ്വാഗതപ്രസംഗം നടത്തി. യൂണിയൻ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ സുജിത് എസ്. തരിവാൾ, എറണാകുളം റീജിയൻ മാനേജർ ശ്യാം സുന്ദർ, യൂണിയൻ ബാങ്ക് പാളയം ബ്രാഞ്ച് മാനേജർ നിഥിൻ, എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ജോയിന്റ് ഡയറക്ടർ ഡോ. ജെ. ജയമോഹൻ, പിടിഎ വൈസ് പ്രസിഡന്റ് വി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഹോസ്റ്റൽ സ്റ്റുഡന്റ് റെപ്രെസെന്ററ്റീവ് അക്ഷര എസ്. ഷേണായ് നന്ദി പറഞ്ഞു.