അമ്പൂരി പഞ്ചായത്ത് നിര്‍മിച്ച ടിവി കിയോസ്ക് അനുമതിയില്ലാതെ നീക്കം ചെയ്തതായി പരാതി
1533903
Monday, March 17, 2025 7:13 AM IST
അമ്പൂരി: പഞ്ചായത്തിലെ പുറുത്തിപ്പാറ വാര്‍ഡില്‍ പാമ്പരംകാവില് രണ്ടു പതിറ്റാണ്ടിനു മുന്‍പ് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചു നിര്‍മിച്ച ടിവി കിയോസ്ക് അനുമതിയില്ലാതെ നീക്കം ചെ യ്തതായി പരാതി.
നാട്ടുകാര്‍ക്കു ഗുണകരമായ നിലയില്‍ ടിവി കിയോസ്ക് നിര്‍മിക്കാനായി സ്വകാര്യ വസ്തു ഉടമയായ അപ്പച്ചന് പഞ്ചായത്തിനു സൗജന്യമായി ഒരു സെന്റ് വസ്തു കൈമാറിയിരുന്നു.
2001-2005 കാലയളവില്‍ പഞ്ചായത്ത് ഫണ്ടില്‍നിന്ന് അനുവദിച്ച തുക വിനിയോഗിച്ച് ഇവിടെ കിയോസ്ക് പണിത് ടിവിയും സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങി.
വര്‍ഷങ്ങള്‍ക്കുശേഷം ടെലിവിഷന്‍ കേടായതിനെത്തുടര്‍ന്ന് കിയോസ്ക് അടച്ചിട്ട നിലയിലായി. പിന്നീട് സ്വകാര്യവ്യക്തി പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ കിയോസ്ക് കെട്ടിടം പൊളിച്ചുനീക്കി സ്ഥലം കൈവശപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ അമ്പൂരി മേഖലാ സെക്രട്ടറി ആര്.നിതിന്‍ മുഖ്യമന്ത്രിക്കും അനുബന്ധ വകുപ്പ് അധികൃതര്‍ക്കും പരാതി നല്കി.
ടിവി കിയോസ്ക് സ്ഥിതിചെയ്തിരുന്നത് വസ്തുവിന്റെ മധ്യഭാഗത്താണെന്നും അത് ഒരു വശത്തേക്കു മാറ്റിത്തരണമെന്നും ആവശ്യപ്പെട്ട് നിലവിലെ വസ്തു ഉടമ പഞ്ചായത്ത് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ഭരണസമിതി ഈ നിവേദനം ചര്‍ച്ചയ്ക്കെടുക്കുകയും ഐക്യകണ്ഠേന അനുകൂല തീരുമാനമെടുക്കുകയും ഇത് പഞ്ചായത്ത് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു കൈമാറുകയും ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് വത്സലരാജു പറഞ്ഞു.
ഇതിനിടയിലാണ് വസ്തു ഉടമ അനുമതിയില്ലാതെ കിയോസ്ക് ഇടിച്ച് നിരപ്പാക്കിയത്. ഇതിനെതിരേ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മൂന്നു ദിവസത്തിനുള്ളില്‍ വിശദീകരണം കിട്ടിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പ്രസിഡന്റ് പറഞ്ഞു.