മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് ; രണ്ടുപേര്‍ പിടിയില്‍
1534107
Tuesday, March 18, 2025 5:59 AM IST
കരമന : മുക്കുപണ്ടം പണയംവച്ച് പണം തട്ടിച്ച രണ്ടുപേരെ കരമന പോലീസ് പിടികൂടി. പാങ്ങോട് സ്വദേശി ഇര്‍ഷാദ് (45), അരുവിക്കര സ്വദേശി ഷിജിത (33) എന്നിവരാണ് പിടിയിലായത്. പരിചയക്കാരായ പ്രതികള്‍ കരമനയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പണമിടപാട് സ്ഥാപനത്തില്‍ ഒരു പവന് തൂക്കംവരുന്ന സ്വര്‍ണം പൂശിയ വളയുമായി എത്തിയാണ് തട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ ഡിസംബര്‍ മാസത്തിലായിരുന്നു കേസിസ് ആസ്പദമായ സംഭവം. 40,000 രൂപ കൈപ്പറ്റിയ പ്രതികള്‍ പണയസ്വര്‍ണം ഉടനെ തിരികെയെടുക്കുമെന്നറിയിച്ചശേഷമാണ് സ്ഥലംവിട്ടത്. സംശയംതോന്നിയ കടയുടമ ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നറിഞ്ഞത്.
പോലീസ് സിസിടിവി ദൃശ്യങ്ങളുടെ മൊബൈല്‍ ടവറുകളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. ഷിജിതയുടെ അരുവിക്കരയിലെ വീട്ടില്‍നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കരമന സിഐ അനൂപ്, എസ്ഐമാരായ സന്ദീപ്, അജിത്ത് കുമാര്‍, സുരേഷ് കുമാര്‍, സിപിഒമാരായ സജീവ്, അനില എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.