വിഴിഞ്ഞം ഗവ. പ്രൈമറി സ്കൂളിലേക്ക് വിദ്യാഭ്യാസ സാങ്കേതിക വിദ്യയെത്തിച്ച് ക്വസ്റ്റ് ഗ്ലോബല്‍ സിഎസ്ആര്‍ സംരംഭം
1534113
Tuesday, March 18, 2025 6:00 AM IST
തിരുവനന്തപുരം: വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലെ അത്യാവശ്യ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനായി വിഴിഞ്ഞം ഗവണ്മെന്റ് ഹാര്‍ബര്‍ ഏരിയ ലോവര്‍ പ്രൈമറി ആന്‍ഡ് പ്രീ പ്രൈമറി സ്കൂളില്‍ രണ്ടു പരിവര്‍ത്തനാത്മക സിഎസ്ആര്‍ പദ്ധതി നടപ്പിലാക്കി പ്രമുഖ ആഗോള ഉത്പന്ന എന്‍ജനീയറിംഗ് സേവന കമ്പനിയായ ക്വസ്റ്റ് ഗ്ലോബല്‍.
ഉത്തിഷ്ട എന്ന എന്‍ജിഒയുമായി സഹകരിച്ചാണ് ക്വസ്റ്റ് ഗ്ലോബല്‍ ഈ പദ്ധതി നടപ്പിലാക്കിയത്. സാമൂഹിക - സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ആധുനിക വിദ്യാഭ്യാസ ഉപകരണങ്ങള്‍ ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ഇന്ററാക്ടീവ് ഇലക്ട്രോണിക് പാനലുകളിലും ഇലക്ട്രിക് കണക്ഷനുമുള്ള ഡിജിറ്റല്‍ ക്ലാസ് മുറികളാണ് ഇവിടെ സ്ഥാപിച്ചത്. ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് സംവേദനാത്മകവും ആധുനികവുമായ പഠനാനുഭവങ്ങള്‍ അനുഭവവേദ്യമാകുന്നു. നൂതന 4 കെ യുഎച്ച്ഡി സ്മാര്‍ട്ട് പാനുകളാണ് ക്ലാസ് മുറികളില്‍ സ്ഥാപിച്ചിരിക്കുന്നത്.
ഏകദേശം 75-78 കുട്ടികള്‍ക്ക് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള പഠനം ഇതിലൂടെ സാധ്യമാകുന്നു. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പടുത്തുന്നതിനായി കമ്പനി 12 വൈറ്റ് ബോര്‍ഡുകളും സംഭാവന ചെയ്തു. ഇതിനു പുറമേ ഈ വര്‍ഷം ആദ്യം ക്വസ്റ്റ് ഗ്ലോബല്‍ ഒരു വാട്ടര്‍ പ്യൂരിഫയര്‍ സ്കൂളില്‍ സ്ഥാപിച്ചിരുന്നു. പ്രദേശത്തെ ദീര്‍ഘകാല ആരോഗ്യപ്രശ്നത്തിന് ഇതോടെ പരിഹാരമായി.
കടലിനോടു ചേര്‍ന്നുള്ള തുറമുഖം ഇവിടുത്തെ ജലസ്രോതസുകള്‍ മലിനപ്പെടുത്തുകയും അതു കുട്ടികളെ കൂടുതല്‍ അപകട സാധ്യതയിലേക്ക് നയിക്കുകയും ചെയ്തു. എന്നാല്‍ ഈ സംരംഭത്തിലൂടെ മൂന്നൂറിലധികം കുട്ടികള്‍ക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ സാധിച്ചു.
ക്വസ്റ്റ് ഗ്ലോബലിന്റെ സിഎസ് ആര് വളണ്ടിയര്‍ ഗ്രൂപ്പ്, സമൂഹത്തിന്റെ ഈ പ്രധാന ആവശ്യങ്ങള്‍ ഫലപ്രദമായി പരിഹരിക്കേണ്ടതാണെന്നു തിരിച്ചറിഞ്ഞു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സഹകരണത്തില്‍നിന്ന് ഉണ്ടാകാവുന്ന അര്‍ഥവത്തായ ഫലങ്ങളുടെ തെളിവാണ് ഈ സംരംഭത്തിന്റെ വിജയം.