ചന്ദനത്തടി മോഷണം: രണ്ടുപേർ പിടിയിൽ
1534488
Wednesday, March 19, 2025 6:34 AM IST
പാലോട്: ചന്ദനത്തടികൾ മോഷണം നടത്തുന്ന സംഘത്തിൽപെട്ട രണ്ടുപേർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ. വർക്കല ഇടവയിൽ നിന്നാണ് 100 കിലോയോളം ചന്ദനതടികൾ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട പാലക്കാട് നെല്ലായ മക്കടയിൽ മുഹമ്മദ് നബി (37), വെന്നിയോട് വെട്ടൂർ മേലേകല്ലുവിള വീട്ടിൽ ആർ. വിഷ്ണു (29) എന്നിവരാണ് പിടിയിലായത്.
പൊതു വിപണിയിൽ അഞ്ചുലക്ഷത്തിൽ പരം രൂപ വിലമതിക്കുന്ന തടികളാണ് പിടികൂടിയത്. ഇടവയിൽ ആൾ താമസം ഇല്ലാത്ത വീട്ടിൽ രഹസ്യഅറകളിൽ ചാക്കുകളിലായാണ് ചന്ദനതടികൾ സൂക്ഷിച്ചിരുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വീടുകളിൽ നിൽക്കുന്ന ചന്ദനമരം വാങ്ങി വിൽപ്പന നടത്തുന്ന സംഘത്തിൽപെട്ടവരാണ് ഇവർ. മലപ്പുറത്ത് കൊണ്ടുപോയി വിൽക്കാൻ ആയിരുന്നു ഇവരുടെ പരിപാടി.
മരം മുറിക്കുന്ന യന്ത്രവും കാറും ഇവരിൽ നിന്നും കണ്ടെടുത്തു. ഇവരുടെ പിന്നിൽ ഒരു വൻമാഫിയ തന്നെയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പാലോട് വകുപ്പ് അധികൃതർ പ്രതികളെ ചോദ്യം ചെയ്തു. ചന്ദനം എവിടെനിന്നു ലഭിച്ചു എന്നത് വ്യക്തമല്ല. പ്രതികളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജാരാക്കി.