പൊതുസ്ഥലങ്ങളിൽ മാലിന്യംതള്ളിയ നാല് ടാങ്കർ ലോറികൾ പിടിച്ചെടുത്തു
1534106
Tuesday, March 18, 2025 5:59 AM IST
വിഴിഞ്ഞം: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നുവെന്ന വ്യാപക പരാതിയെ തുടർന്ന് സാമൂഹ്യവിരുദ്ധരെ പിടികൂടാൻ പോലീസ് രംഗത്തിറങ്ങി.ഒരാഴ്ചയ്ക്കുള്ളിൽ തമിഴ്നാട്ടിൽ നിന്നുള്ള നാല് മാലിന്യ ടാങ്കർ ലോറികൾ പിടികൂടി വിഴിഞ്ഞം പോലീസ്.
വിഴിഞ്ഞം, അടിമലത്തുറ മേഖലകളിലെ വീടുകളിൽ നിന്ന് കക്കൂസ് മാലിന്യം ശേഖരിച്ച് വഴിയോരങ്ങളിൽ തള്ളുന്ന സംഘത്തേയാണ് രാത്രികാലങ്ങളിൽ നടത്തിയ പട്രോളിംഗിൽ പിടികൂടിയത്.
കോവളം - കാരോട് ബൈപ്പാസിന്റെ പുന്നക്കുളം, പയറുംമൂട്, തടത്തിക്കുളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അടുത്ത കാലത്തായി മാലിന്യങ്ങൾ തള്ളുന്നത് പതിവായതോടെ ജനങ്ങളും പൊറുതിമുട്ടിയിരുന്നു.
ദുർഗന്ധം കാരണം സഹികെട്ട നാട്ടുകാർ പോലീസിൽ പരാതി നൽകി. പരാതി വ്യാപകമായതോടെ രാത്രികാല പട്രോളിംഗ് ശക്തമാക്കിയ വിഴിഞ്ഞം പോലീസ് നാല് ടാങ്കറുകൾ പിടികൂടിയത്.
ചെറിയ ടാങ്കറുകളിൽ നിറയ്ക്കുന്ന മാലിന്യങ്ങൾ ബൈപാസിലെ സർവീസ് റോഡിന്റെ വിജനമായ സ്ഥലങ്ങളിൽ തള്ളുകയാണ് പതിവ്.
ദിവസവും രാത്രിയിൽ നാലും അഞ്ചും വീടുകളിൽ നിന്ന് പണം വാങ്ങി മാലിന്യം ശേഖരിക്കുന്ന സംഘം വഴിയോരങ്ങളിൽ തള്ളിയ ശേഷം പുലർച്ചയോടെ തമിഴ്നാട്ടിലേക്ക് കടക്കും.
ഇവരെ സഹായിക്കാൻ വിഴിഞ്ഞം കേന്ദ്രീകരിച്ച് ഏജന്റുമാർ ഉള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പല റൂട്ടുകളിലൂടെ വന്ന് മടങ്ങുന്ന സംഘത്തെ കുടുക്കാൻ പോലീസിനും ഏറെ പാടുപെടേണ്ടിയും വന്നു. കോടതിയുടെ തീർപ്പുണ്ടാകുന്നതുവരെ വാഹനങ്ങൾ സ്റ്റേഷൻ പരിസരത്ത് സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.