തെരഞ്ഞത് "ബോംബ്'; കിട്ടിയത് തേനീച്ചക്കുത്ത്
1534486
Wednesday, March 19, 2025 6:34 AM IST
തിരുവനന്തപുരം: തിരുവനന്തപുരം കളക്ടറേറ്റിൽ കഴിഞ്ഞദിവസം ലഭിച്ച വ്യാജ ബോംബുഭീഷണിയെ തുടർന്നുണ്ടായ പരിശോധനയ്ക്കിടെയായിരുന്നു തേനീച്ചയാക്രമണം ഉണ്ടായത്. തേനീച്ചയാക്രമണത്തിൽ സബ്കളക്ടർ ഉൾപ്പെടെ കളക്ടറേറ്റു വളപ്പിലുണ്ടായിരുന്ന ഏറെക്കുറേ എല്ലാപേർക്കും പരിക്കേറ്റു.
ബോംബുഭീഷണിയെ തുടർന്നു പരിശോധനയുടെ ഭാഗമായി കളക്റ്ററേറ്റിലെ ജീവനക്കാർ എല്ലാവരും ഓഫീസിനു പുറത്തായിരുന്നു. എന്നാൽ ബോംബ് സ്ക്വാഡിന്റെ പരിശോധനയ്ക്കിടെ കളക്ടറേറ്റ് കെട്ടിടത്തിലെ വലിയ തേനീച്ചക്കൂട് തകർന്നുവീഴുകയായിരുന്നു. ഇതോടെ ഇവിടെ കൂടിനിന്ന ജീവനക്കാർക്കും മാധ്യമപ്രവർത്തകർക്കും പോലീസുകാർക്കുമുൾപ്പെടെ തേനീച്ചകളുടെ കുത്തേൽക്കുകയായിരുന്നു. സംഭവം നടക്കുന്പോൾ ജില്ലാ കളക്ടർ അനുകുമാരിയും സബ് കളക്ടർ ഒ.വി. ആൽഫ്രഡും കളക്ടറേറ്റു വളപ്പിലിരുന്നു പൊതുജനങ്ങളുടെ പരാതികൾ കേൾക്കുകയായിരുന്നു.
തേനീച്ചകളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടുന്നതിനായി ഓടുന്നതിനിടെ നിലത്തുവീണ രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റു നിലത്തുവീണവരെ രക്ഷിക്കാനെത്തിയപ്പോഴായിരുന്നു സബ് കളക്ടർ ആൽഫ്രഡിനു പരിക്കേറ്റത്.
മുഖത്തും കഴുത്തിലുമായി നിവധി കുത്തേറ്റ കളക്ടറെ ഉടൻതന്നെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഇതിനിടെ ചിതറി ഓടിയ ജീവനക്കാരിൽ ഏറെ പേർക്കും തേനീച്ചകളുടെ കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഏഴുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
"ബോംബ് പൊട്ടിയാലും കുത്ത് കിട്ടരുത്'
തിരുവനന്തപുരം: കളക്ടറേറ്റ് വളപ്പിലുണ്ടായ തേനീച്ചയാക്രമണത്തിൽ പരിക്കേറ്റവരിൽ ചിലർ രക്ഷപ്പെട്ടാൻ ഓടിക്കയറിയത് ബോംബ് പരിശോധന നടക്കുന്ന കെട്ടിടത്തിലേക്ക്. തേനീച്ചകൾ പറന്നടുത്തപ്പോൾ പുറത്തുനിന്ന എല്ലാവരും സിവിൽ സ്റ്റേഷനിൽനിന്നും കുടപ്പനക്കുന്നു ഭാഗത്തേക്കായിരുന്നു ഓടിയത്. എന്നാൽ ചില ജീവനക്കാരും മാധ്യമപ്രവർത്തകരും സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്ക് ഓടികയറുകയായിരുന്നു.
ബോംബ് ഭീഷണിയിൽ പരിഭ്രാന്തരായി വിറങ്ങലിച്ച് നിന്നിരുന്നവരും പരിശോധന നടന്ന കെട്ടിടത്തിലേക്ക് ഓടിക്കയറി. അപ്പോഴേക്കും ബോംബ് ഭീഷണി വ്യാജമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതോടെയാണ് കെട്ടിടത്തിലേക്ക് ഓടിക്കയറിയവർക്ക് ശ്വാസം നേരെയായത്. ചിലരാകട്ടെ സിവിൽ സ്റ്റേഷനിലേക്കു സർവീസ് നടത്താനായി എത്തിയ കെഎസ്ആർടിസി ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു.
എന്നാൽ ഡ്രൈവർക്കും കണ്ടക്ടർക്കുമടക്കം തേനീച്ചകുത്തേറ്റതോടെ ഇവരും ഇറങ്ങി ഓടുകയായിരുന്നു. ഇതോടെ ബസിൽ കയറിയവർക്കും രക്ഷയില്ലാതായി. ജീവനക്കാർ കുടപ്പനകുന്ന് ജംഗ്ഷൻവരെ ഓടിയിട്ടും തേനീച്ചകൾ വിട്ടാതെ പിന്തുടർന്നു. നിമിഷനേരംകൊണ്ട് കുടപ്പനക്കുന്ന് ജംഗ്ഷനിലും തേനീച്ചയാക്രമണം ഉണ്ടായി. ഇരുചക്ര വാഹനയാത്രക്കാരടക്കം ബുദ്ധിമുട്ടിലായി.
പരിക്കേറ്റവരെ പേരൂർക്കട സർക്കാർ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽകോളജിലേക്കും മാറ്റി. വ്യാജബോംബ് ഭീഷണിയും തേനീച്ചയാക്രമണവും ഉണ്ടായതോടെ കഴിഞ്ഞദിവസം ഉച്ചയ്ക്ക് ശേഷം സിവിൽ സ്റ്റേഷനിലെ പ്രവർത്തനം പൂർണമായും സ്തംഭിച്ചു. വൈകുന്നേരം അഞ്ചുമണിക്കു ശേഷം സ്ഥിതിഗതികൾ ശാന്തമായതോടെ ജീവനക്കാർ തിരികെ സിവിൽ സ്റ്റേഷനിൽ പ്രവേശിച്ചു.