കഞ്ചാവ് കേസ്: പ്രതികൾക്ക് മൂന്നു വർഷം തടവും പിഴയും
1534483
Wednesday, March 19, 2025 6:34 AM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കഐസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം അൻസി ഹോസ്പിറ്റൽ റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ കഞ്ചാവ് കൈവശം വച്ചു വിൽക്കാൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് മൂന്നു വർഷം വീതം തടവും 20,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
കരിമഠം കോളനിയിലെ താമസക്കാരായ ഒന്നാം പ്രതി മാരിയപ്പൻ (46), രണ്ടാം പ്രതി ഫിറോസ് ഖാൻ (36) എന്നിവരെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സിജു ഷേക്ക് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം.
2013 സെപ്റ്റംബർ അഞ്ചിനാണ് ഇവരെ കഞ്ചാവുമായി പിടി കൂടിയത്. വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രജിസ്റ്റർ ചെയ്ത കേസിൽ ആറ്റിങ്ങൽ സർക്കിൾ ഓഫീസ് എക്സൈസ് ഇൻസ്പെക്ടറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. രാജേഷ്, അഡ്വ. എ. ബീനാകുമാരി എന്നിവർ ഹാജരായി.