നിയമസഭാ പുസ്തകോത്സവം ജനുവരി ഏഴു മുതൽ 13 വരെ
1488948
Saturday, December 21, 2024 6:59 AM IST
തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് ജനുവരി ഏഴു മുതൽ 13 വരെ നടക്കും. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ഏഴിനു രാവിലെ 10.30 ന് ആർ. ശങ്കരനാരായണൻ തന്പി മെംബേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ കർണാടക സ്പീക്കർ യു.ടി. ഖാദർ, പ്രശസ്ത സാഹിത്യകാരൻ ദേവദത്ത് പട്നായിക് എന്നിവർ മുഖ്യാതിഥികളായിരിക്കും. വിവിധ സെഗ്മെന്റുകളിലായി ശ്രദ്ധേയരായ എഴുത്തുകാരും രാഷ്ട്രീയ സാംസ്കാരികപ്രവർത്തകരും പങ്കെടുക്കും.
250ലധികം സ്റ്റോളുകളിലായി 150ലധികം ദേശീയ അന്തർദേശീയ പ്രസാധകരാണ് ഇത്തവണ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ പത്രസമ്മേളനത്തിൽ പറഞ്ഞു. പാനൽ ചർച്ചകൾ, എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം, മീറ്റ് ദ ഓദർ, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥ പറയും പാട്ടുകൾ, കഥയരങ്ങ്, ഏകപാത്രനാടകം, ഭാവിയുടെ വാഗ്ദാനം, സിനിമയും ജീവിതവും തുടങ്ങിയ പല സെഗ്മെന്റുകളിലായി എഴുപതിലധികം പരിപാടികൾ സംഘടിപ്പിക്കും. 350ഓളം പുസ്തകപ്രകാശനങ്ങളും 60 ൽ അധികം പുസ്തകചർച്ചകളും ഉണ്ടായിരിക്കും.
പുസ്തകോത്സവദിനങ്ങളിൽ വൈകുന്നേരം ഏഴു മുതൽ ആർ.ശങ്കരനാരായണൻ തന്പി മെന്പേഴ്സ് ലോഞ്ചിൽ മെഗാഷോ സംഘടിപ്പിക്കുന്നുണ്ട്. കുട്ടികൾക്കായി ’സ്റ്റുഡന്റ്സ് കോർണർ’ എന്ന ഒരു പ്രത്യേക വേദി സജ്ജീകരിക്കും. വിദ്യാർഥികൾക്ക് അവർ രചിച്ച പുസ്തകങ്ങൾ പ്രകാശനം ചെയ്യാനുള്ള ഒരു വേദിയും കൂടിയാണിത്.
വിദ്യാർഥികൾക്ക് ചെറിയ സറ്റേജ് പ്രോഗ്രാമുകൾ ചെയ്യാൻ ഇടവേളകളിൽ അവസരം നൽകും. ഇതിനായുള്ള രജിസ്ട്രേഷൻ നടപടികൾ പുരോഗമിച്ചുവരുന്നു. ഇത്തവണ ഒരു ലക്ഷത്തോളം വിദ്യാർഥികളെയാണ് പ്രതീക്ഷിക്കുന്നത്. മാജിക് ഷോ, പപ്പറ്റ് ഷോ, തത്സമയ ക്വിസ് മത്സരങ്ങൾ, ഗെയിമുകൾ തുടങ്ങിയ പരിപാടികൾ കൂടി കുട്ടികൾക്കായി ഒരുക്കുന്നു.
പുസ്തകോത്സവം സന്ദർശിക്കാൻ എത്തുന്ന വിദ്യാർഥികൾക്ക് നിയമസഭാഹാൾ, മ്യൂസിയങ്ങൾ, മൃഗശാല തുടങ്ങിയവ സൗജന്യമായി സന്ദർശിക്കാനുള്ള പാക്കേജ് ഒരുക്കുന്നുണ്ട്. കൂടാതെ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസിൽ സിറ്റി റൈഡും ക്രമീകരിച്ചിട്ടുണ്ട്.
ജനുവരി 13നുള്ള സമാപനചടങ്ങിൽ ചലച്ചിത്ര താരങ്ങളായ പ്രകാശ് രാജ്, ഇന്ദ്രൻസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള മീഡിയാ സെലിന്റെ ഉദ്ഘാടനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു.