വെങ്ങാനൂർ പുല്ലാന്നിമുക്കിൽ മോഷണ പരമ്പര
1488568
Friday, December 20, 2024 6:28 AM IST
വിഴിഞ്ഞം: വെങ്ങാനൂർ പുല്ലാന്നിമുക്കിൽ രണ്ട് കടകളും ഒരു വീടും കുത്തി തുറന്ന് മോഷണം. ഇന്നലെ രാത്രിയാണ് സംഭവം . ചാവടിനട ജയലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള അമ്പാടി പ്രൊവിഷൻസ്റ്റോറിലും തൊട്ടടുത്ത സജിൻ നടത്തുന്ന റോളക്സ് തുണിക്കടയിലും, സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ ജോലി ചെയ്യുന്ന അരുൺരാജിന്റെ വീട്ടിലുമാണ് മോഷണം നടന്നത്.
അമ്പാടി പ്രൊവിഷൻ സ്റ്റോറിൽ നിന്നും 3500 രൂപയും തുണിക്കടയിൽ നിന്ന് 90000 രൂപയും, ഒന്നേമുക്കാൽ ലക്ഷം വിലവരുന്ന രണ്ട് കെട്ട് പുതിയ റെഡിമെയ്ഡ് തുണികളുമാണ് മോഷണം പോയത്. ആൾതാമസം ഇല്ലാതിരുന്ന വീട് കുത്തിത്തുറന്നു.
സാധനങ്ങളൾ മോഷണം നടത്തിയിട്ടില്ലെങ്കിലും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും വാരിവലിച്ചിട്ടനിലയിലാണ് കാണപ്പെട്ടത്. വിഴിഞ്ഞം എസ്എച്ച്ഒ പ്രകാശിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പ്രശാന്ത് സിപിഒ മാരായ സുജിത്ത്, അരുൺ മണി , ഷിജാദ് എന്നിവർ സ്ഥലത്ത് എത്തി അനന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വോഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്ന് സ്ഥലങ്ങളിലും മോഷണം നടത്തിയത് ഒരേ സംഘമായിരിക്കാമെന്ന് പോലീസ് കരുതുന്നു. സിസിടിവിയില്ലാത്ത സ്ഥലമായതിനാൽ അന്വേഷണത്തെയും ബാധിച്ചു.