മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം : മൂന്ന് ബോട്ടുകളും രണ്ട് വള്ളങ്ങളും പിടികൂടി
1488917
Saturday, December 21, 2024 6:47 AM IST
വിഴിഞ്ഞം : മതിയായ രേഖകളില്ലാതെ മീൻ പിടിച്ച രണ്ടു തമിഴ്നാട് സ്വദേശിയുടെതുൾപ്പെടെ മൂന്ന് ബോട്ടുകളും രണ്ട് വള്ളങ്ങളും ഫിഷറീസ് വകുപ്പ് പിടികൂടി.
കഴിഞ്ഞദിവസം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷിന്റെ നേതൃത്വത്തിൽ മറൈൻ എന്‍ഫോഴ്സ്മെന്റ് സബ് ഇൻസ്പെക്ടർ ബി. ദീപു, മറൈൻ എന്‍ഫോഴ്സ്മെന്റ് സിവിൽ പോലീസ് ഓഫിസർ എസ്.എസ്.ശ്രീകാന്ത് , ലൈഫ് ഗാര്‍ഡുമാരായ എസ്.കൃഷ്ണൻ, ഫ്രഡി മത്യാസ്, എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധനക്കിറങ്ങിയത്.
വിഴിഞ്ഞത്ത് നിന്നും മറൈൻ ആംബുലസിൽ നടത്തിയ പട്രോളിങ്ങിൽ ഹാർബറിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ ഉള്ളിൽ നിന്നാണ് ബോട്ടുകൾ കണ്ടെത്തിയത്.
തമിഴ്നാട് തൂത്തൂർ സ്വദേശി റാഫിയുടെ ഉടമസ്ഥയിലുള്ള ശാലോം എന്ന മീൻപിടിത്ത ബോട്ടും രണ്ട് വള്ളങ്ങളും, തമിഴ്നാട് ചിന്നതുറ സ്വദേശി സൈമൺന്റെ ഉടമസ്ഥയിലുള്ള ക്യൂൻ ഓഫ് ഹെവൻ എന്ന മീൻപിടിത്ത ബോട്ടും, കൊല്ലം സ്വദേശി ഫൗസ്റ്റിൻ സീസർ എന്ന വ്യക്തിയുടെ ജെഫ്രിയ എന്ന ബോട്ടുമാണ് കസ്റ്റഡിയിലെടുത്തത്.
തുടർ നടപടികൾ വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.