നിയമം ലംഘിച്ച് സിപിഎമ്മിന്റെ ജലഘോഷയാത്രയെന്ന് കോൺഗ്രസ്
1488554
Friday, December 20, 2024 6:28 AM IST
പൂവാർ : സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പൂവാർ പൊഴിക്കരയിൽ ജല ഘോഷയാത്ര സംഘടിപ്പിച്ച് സിപിഎം. മുന്നുറോളം സ്പീഡ് ബോട്ടുകളെ അണിനിരത്തി താളമേളവാദ്യാഘോഷത്തോടെ നടത്തിയ ഘോഷയാത്രയിൽ നിയമങ്ങൾ കാറ്റിൽപറന്നതായി കോൺഗ്രസ് ആരോപണം. രണ്ട് മന്ത്രിമാർ പങ്കെടുത്ത പരിപാടിയിൽ ക്രമസമാധാനം പരിപാലിച്ച പോലിസിനെ പഴിച്ച് കോൺഗ്രസുകാർ രംഗത്തെത്തി.
ബുധനാഴ്ച വൈകുന്നേരമാണ് മന്ത്രി മുഹമ്മദ് റിയാസും വി .ശിവൻകുട്ടിയും, ജില്ലാ സെക്രട്ടറി വി. ജോയിയും പങ്കെടുത്ത ജല ഘോഷയാത്ര നടന്നത്. ഉദ്ഘാടനം കഴിഞ്ഞ ശേഷം മന്ത്രിമാർ ബോട്ടിൽ കയറാതെ മടങ്ങിയെങ്കിലും നെയ്യാറിലെ ആഴമേറിയ മേഖലയിൽ ബോട്ടുകൾ നിരത്തിയുള്ള അണികളുടെ ആവേശത്തിന് കുറവുണ്ടായില്ല.
വിനോദസഞ്ചാരികൾക്കായി ഓടുന്ന നൂറ് കണക്കിന് ഉല്ലാസ ബോട്ടുകൾ പൂവാർ ആറ്റുപുറത്തുണ്ട്. ഘോഷയാത്ര കണക്കിലെടുത്ത് ഉച്ചക്ക് ശേഷം സഞ്ചാരികളെ ബോട്ടുകളിൽ കയറ്റരുതെന്ന നിർദേശം ഉടമകൾക്ക് പോലീസ് നൽകി. മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടി ആയതിനാൽ സുരക്ഷക്കായി വൻ പോലിസും സ്ഥലത്തുണ്ടായിരുന്നു. അപകടം ഒഴിവാക്കാൻ ഫയർഫോഴ്സിന്റെ ഡിങ്കി ബോട്ടുകളും പോലീസിന്റെ മുങ്ങൽ വിദഗ്ദരുമെല്ലാം സജ്ജമായി നിന്നു.
എന്നാൽ പൂവാർ ബണ്ട് റോഡിന് സമീപത്ത് നിന്നാരംഭിച്ച ജലയാത്രയിൽ നിയമങ്ങൾ പിലിക്കപ്പെട്ടില്ലെന്നാണ് ആരോപണം. സമയം തെറ്റിയും സുരക്ഷിതവുമില്ലാത്ത യാത്ര കണ്ട് നടപടിയെടുക്കാനാകാതെ പോലീസ് കണ്ടു നിന്നെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. നടപടിയെടുത്താലുണ്ടാകുന്ന പൊല്ലാപ്പ് ഭയന്ന് ഉത്തരവാദിത്വപ്പെട്ടവർ തിരിഞ്ഞു നോക്കിയില്ലെന്നും ആരോപിക്കുന്നു. പൊഴിക്കരയിൽ നടന്ന സമാപന സമ്മേളനവും കഴിഞ്ഞ് പാർട്ടി അണികൾ മടങ്ങുന്നത് വരെ പോലീസ് കാവൽ തുടർന്നു. ജലമേളയിലെ നിയമ ലംഘനങ്ങൾ നടത്തിയവർക്കെതിരെ നടപടി വേണമെന്ന് പൂവാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മജുസാം ആവശ്യപ്പെട്ടു.