സിപിഎം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം
1488265
Thursday, December 19, 2024 6:04 AM IST
തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു നാളെ കോവളത്തു തുടക്കമാകും. നാളെ വൈകുന്നേരം വിഴിഞ്ഞത്തു അഞ്ചു മണിക്കു പതാക ജാഥയും കൊടിമര ജാഥയുമെത്തുന്നതോടെ സമ്മേളനത്തിനു കൊടിയയുരും.
ശനിയാഴ്ച രാവിലെ കോവളം ജി.വി.രാജ കൻവൻഷൻ സെന്ററിൽ ചേരുന്ന പ്രതിനിധി സമ്മേളനം സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ടി.എം.തോമസ് ഐസക്, കെ.കെ.ശൈലജ, എ.കെ.ബാലൻ, കെ.രാധാകൃഷ്ണൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. തിങ്കളാഴ്ച ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ 19 ഏരിയാ കമ്മിറ്റികളിൽ നിന്നും 460-ലധികം വരുന്ന പ്രതിനിധികളാണു ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മംഗലപുരം ഏരിയാ സമ്മേളനത്തിൽ നിന്നും സെക്രട്ടറിയായിരുന്ന മധു മുല്ലശേരി ഇറങ്ങിപ്പോയതും പിന്നീടു ബിജെപിയിൽ കുടുംബസമേതം അംഗത്വമെടുത്തതും ജില്ലയിലെ സിപിഎമ്മിന് വലിയ ക്ഷീണമായി.
പാർട്ടി ജില്ലാ സെക്രട്ടറി വി.ജോയിക്കെതിരെ കടുത്ത വിമർശനമുയർത്തിയാണു മധു പാർട്ടി വിട്ടത്. ജോയി സ്വന്തമായി ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് മധു ആരോപിച്ചിരുന്നു. എന്നാൽ സാന്പത്തിക ആരോപണമടക്കമുള്ള സംഘടനാവിഷയങ്ങൾ ഉള്ളതുകൊണ്ടാണു മധുവിനെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയതെന്നും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ജോയിയും വ്യക്തമാക്കിയിരുന്നു.
സ്വാഭാവികമായും മധുവും അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും സമ്മേളനത്തിൽ ചർച്ചയാകും. കൊല്ലം ജില്ലാ സമ്മേളനത്തിൽ സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷമായ വിമർശനമാണ് ഉണ്ടായത്.
തിരുവനന്തപുരത്തും സ്ഥിതി മറിച്ചാകാൻ ഇടയില്ല. എന്നാൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട നേതാക്കളെ പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്നും ബോധപൂർവം ഒഴിവാക്കുന്നുവെന്ന ആരോപണം ജില്ലയിൽ ശക്തമാണ്. ചില പ്രത്യേക ജാതി വിഭാഗങ്ങൾ മാത്രം നേതൃസ്ഥാനങ്ങളിലും സർക്കാരുമായി ബന്ധപ്പെട്ട മറ്റു ഉന്നത സ്ഥാനങ്ങളിലും സ്ഥിരമായി എത്തുന്നുവെന്നതും ആക്ഷേപമായി ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ സിപിഎം നേതൃത്വം എന്തു നിലപാടെടുക്കുമെന്നതു കണ്ടറിയണം.
പാർട്ടി ഭരണസമിതിയുള്ള നേമമടക്കമുള്ള സർവീസ് സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും സമ്മേളനത്തിൽ ചർച്ചയാകും. എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളുടെ പ്രവർത്തനം സമ്മേളനം പരിശോധിക്കും. ഇതിൽ എസ്എഫ്ഐയുടെ പ്രവർത്തനം സിപിഎമ്മിനു ഗുണകരമാകുന്നില്ലെന്ന വിമർശനം പൊതുവെ ഉണ്ട്.
കോളജുകളിലെ ഗുണ്ടാ പ്രവർത്തനം സർക്കാരിനു നാണക്കേടുണ്ടാക്കുന്നുവെന്ന ആക്ഷേപം എല്ലാ ഘട്ടങ്ങളിലും പാർട്ടിയുടെ വിവിധ വേദികളിൽ ചർച്ച ചെയ്യപ്പെടുന്നതാണ്. തിരുവനന്തപുരത്തു യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐയുടെ പ്രവർത്തനം ജില്ലയിലെ പാർട്ടിക്കു തലവേദനയായി തീർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശ പ്രകാരം കോളജിലെ എസ്എഫ്ഐ യൂണിറ്റു കമ്മിറ്റി പിരിച്ചുവിട്ടു. തിരുവനന്തപുരം കോർപറേഷൻ ഭരണത്തെ സംബന്ധിച്ചു വലിയ വിമർശനം ഉയർന്നുവരും. ഏരിയാ സമ്മേളനങ്ങളിൽ മേയർ ആര്യ രാജേന്ദ്രന്റെ പ്രവർത്തനം പാർട്ടിക്കു ഗുണകരമാകുന്നില്ലെന്നും ധാർഷ്ട്യമാണു മേയർക്കെന്നും വിമർശനമുയർന്നിരുന്നു. കൊല്ലം ജില്ലാ സമ്മേളനത്തിൽ പോലും തിരുവനന്തപുരം മേയർ വിമർശിക്കപ്പെട്ടു.
ജില്ലയിലെ ബിജെപിയുടെ വളർച്ചയും സമ്മേളനത്തിൽ ചർച്ചയാകും. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ കനത്ത പരാജയം, ആറ്റിങ്ങലിലെ സ്ഥാനാർഥിയായിരുന്നു ജില്ലാ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പു പരാജയം ഇതെല്ലാം സമ്മേളനത്തിൽ ചർച്ചയാകും. നിലവിലെ സാഹചര്യത്തിൽ വി.ജോയി തന്നെ ജില്ലാ സെക്രട്ടറിയായി തുടരാനാണു സാധ്യത. സിപിഎം സംസ്ഥാന നേതൃത്വത്തിനും ജോയിയോടാണു താൽപര്യം.
സ്വന്തം ലേഖകൻ