കൊലപാതക കേസിൽ വർക്ക് ഷോപ്പ് ഉടമയ്ക്കും കൂട്ടാളിക്കും കഠിനതടവ്
1488565
Friday, December 20, 2024 6:28 AM IST
തിരുവനന്തപുരം: ബൈക്ക് നന്നാക്കിയതിനു കൂലി ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ വാഹന ഉടമയെ കൊലപ്പെടുത്തിയ കേസിൽ വർക്ക് ഷോപ്പ് ഉടമയെയും സുഹൃത്തിനെയും കോടതി കഠിനതടവിനും രണ്ടു ലക്ഷം രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു.
തിരുമല വട്ടവിള സ്വദേശിയും വർക്ക്ഷോപ്പ് ഉടമയുമായ സുരേഷിനെ അഞ്ചു വർഷം കഠിനതടവിനും സുഹൃത്ത് ആര്യനാട് മണലിവിള സ്വദേശിയും കന്യാകുമാരി പളുകൽ വാധ്യരുകോണം എസ്.എസ്. ഭവൻ സ്വദേശിയുമായ ഷിബു റോസിനെ ഏഴു വർഷം കഠിനതടവിനും ശിക്ഷിച്ചു. ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്.
ആര്യനാട് പളളിവേട്ട സ്വദേശി ജയകൃഷ്ണനാണ് കൊല്ലപ്പെട്ടത്. ജയകൃഷ്ണന്റെ സുഹൃത്ത് അജിത്തിനും പരിക്കേറ്റിരുന്നു. ജയകൃഷ്ണനും പ്രതികളും മിക്കവാറും ദിവസങ്ങളിൽ ആര്യനാട് പഴയതെരുവിൽ കച്ചേരിനടയിലുളള പ്രതിയുടെ വർക്ക്ഷോപ്പിലിരുന്നു മദ്യപിക്കുമായിരുന്നു. ജയകൃഷ്ണന്റെ ബൈക്ക് നന്നാക്കിയതിനു പ്രതി പണം ചോദിച്ചതിൽ പ്രകോപിതനായ ജയകൃഷ്ണൻ ദിവസവും മദ്യം വാങ്ങിത്തരുന്ന കണക്കിൽ പണിക്കൂലി വരവു വയ്ക്കാൻ പറഞ്ഞു.
ഇതിനു ശേഷം ജയകൃഷ്ണൻ തന്റെ പേഴ്സ് എടുത്ത് പ്രതിയുടെ മുന്നിലേക്ക് ഇട്ട ശേഷം മടങ്ങിപ്പോയി. പിന്നീട് പേഴ്സ് എടുക്കാൻ അജിത്തുമായി മടങ്ങി വന്നപ്പോഴാണ് പ്രതികൾ ആക്രമിച്ചു കൊലപ്പെടുത്തിയത്.
2018 മാർച്ച് ആറിന് രാത്രി 11 നായിരുന്നു സംഭവം. വർക്ക് ഷോപ്പ് ഉടമ നാലാം ഘട്ട കാൻസർ ചികിത്സയിലാണെന്ന പ്രതിഭാഗം വാദം പരിഗണിച്ച കോടതി ശിക്ഷയിൽ ഇളവോടെ ജാമ്യം അനുവദിച്ചു. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച മണ്ണൂർക്കര ഷാനിഭവനിൽ അനിൽ കുമാർ, വിലവൻകോട് മേലെപന്നിവിള സ്വദേശി ഷിനു, പളുകൽ ചേലവൻചേരി സ്വദേശി ജസ്റ്റിൻ പാസ്റ്റർ എന്ന ജസ്റ്റിൻ എന്നിവരെ കോടതി വെറുതേ വിട്ടു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ആർ. ഷാജി ഹാജരായി.