പുതിയതുറയിൽ വീട് കുത്തിത്തുറന്ന് മോഷണം
1488918
Saturday, December 21, 2024 6:47 AM IST
വിഴിഞ്ഞം: പുതിയതുറ കൊച്ചുതുറ പള്ളിക്ക് സമീപം വീട് കുത്തിതുറന്ന് മോഷണം നടത്തിയതായി പരാതി. വിട്ടുകാർ ബന്ധുവീട്ടിൽ പോയ തക്കം നോക്കിയായിരുന്നു മോഷണം നടന്നതെന്ന് വീട്ടുടമ പറയുന്നു .
14 ഗ്രാം സ്വർണാഭരണങ്ങളും ഒരു ജോഡി ഡയമണ്ട് കമ്മൽ, 60000 രൂപയും 15000 രൂപ വിലവരുന്ന വിദേശ കറൻസിയും വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പാഴ്സും മോഷണം പോയതായി വീട്ടുടമ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കൊച്ചുതുറ പള്ളിക്ക് സമീപം സിന്ധുഭവനിൽ ജെയ്സൺ ഫെർണാണ്ടസിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രിയിൽ മോഷണം നടന്നത്. രാത്രി പത്തോടെ വിദേശത്ത് നിന്നെത്തിയ അമ്മാവന്റെ വിട്ടിലേക്ക് ജെയ്സണും കുടുംബവും പോയിരുന്നു.
പുലർച്ചെ അഞ്ചോടെ തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുറ്റത്ത് കിടന്ന വള്ളങ്ങളിൽ ഉപയോഗിക്കുന്ന നങ്കൂരം കൊണ്ട് പുറകുവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
മുറിക്കുള്ളിലെ സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. കാഞ്ഞിരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി.