വിദേശപൗരനെ ലഹരിമരുന്നുമായി പിടികൂടിയ കേസിലെ തൊണ്ടിമുതൽ തിരിമറി; ആന്റണി രാജു കോടതിയിൽ ഹാജരായി
1488941
Saturday, December 21, 2024 6:58 AM IST
നെടുമങ്ങാട് : വിദേശപൗരനെ ലഹരിമരുന്നുമായി പിടികൂടിയതുമായി ബന്ധപ്പെട്ടകേസിൽ തൊണ്ടിമുതൽ തിരിമറിനടത്തി പ്രതിയെ രക്ഷപ്പെടുത്തിയെന്ന കേസിൽ മുൻ മന്ത്രി ആന്റണി രാജു കോടതിയിൽ ഹാജരായി.
സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് കേസിലെ രണ്ടാം പ്രതിയായ ആന്റണി രാജു നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ ഹാജരായത് . കേസിന്റെ വിചാരണ 23ന് ആരംഭിക്കും. ഒന്നാം പ്രതി ക്ലർക്കായ ജോസും ഹാജരായി. കേസിന് 34 വർഷത്തെ പഴക്കമുണ്ട്.
1990 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശപൗരൻ ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായിരുന്നു. അന്ന് അഭിഭാഷകനായ ആന്റണി രാജുവിന്റെ കക്ഷിയായ വിദേശ പൗരനെ കേസിൽ നിന്ന് ഒഴിവാക്കാനായി തൊണ്ടിമുതലിൽ കൃതൃമം നടത്തിയെന്നാണ് കേസ്. വിദേശ പൗരൻ കേസിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഈ സംഭവം പറയുകയായിരുന്നു. സഹതടവുകാരൻ വെളിപ്പെടുത്തലുമായി രംഗത്ത് വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 1994 ൽ കേസ് രജിസ്റ്റർ ചെയ്തു.
കുറ്റപത്രം സമർപ്പിച്ചത് 13 വർഷം കഴിഞ്ഞാണ്. 30ലധികം തവണ കേസ് മാറ്റി വയ്ക്കുകയായിരുന്നു. നീണ്ട് പോയതിനാൽ ഒരു വർഷത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.