തലച്ചോറിലെ അന്യൂറിസം പരിഹരിച്ച് കിംസ്ഹെൽത്തിലെ ഡോക്ടർമാർ
1488562
Friday, December 20, 2024 6:28 AM IST
തിരുവനന്തപുരം: തലച്ചോറില്‍ അന്യൂറിസം ബാധിച്ച് ഗുരുതരവസ്ഥയിലായിരുന്ന 56കാരിയിൽ അതിനൂതന ചികിത്സയുമായി കിംസ്ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. തലചുറ്റൽ, കടുത്ത തലവേദന, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിനിയായ രോഗിയെ അടിയന്തിരമായി എമര്‍ജന്‍സി മെഡിസിന് വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിശദപരിശോധനയിൽ രോഗിയുടെ തലച്ചോറിന്റെ താഴ്ഭാഗത്തെ പ്രധാന രക്തധമനികളിലൊന്നില് അഞ്ച് മില്ലിമീറ്റർ നീളവും നാല് മില്ലിമീറ്റർ വീതിയുമുള്ള അന്യൂറിസം കണ്ടെത്തി. സഞ്ചിയുടെ രൂപത്തിലുണ്ടായിരുന്ന അന്യൂറിസം പൊട്ടിയ നിലയിലായിരുന്നു. തുടർന്ന് ബലൂൺ-അസിസ്റ്റഡ് കോയിലിംഗ് എന്ന അതിനൂതന പ്രൊസീജിയർ വഴി രോഗാവസ്ഥ ഭേദമാക്കുകയിരുന്നു. തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികളില്‍ ഉണ്ടാകുന്ന വീക്കമാണ് അന്യൂറിസം.
പ്രമേഹവും ഹൈപ്പർടെൻഷനുമാണ് പ്രധാനമായും ഇത്തരത്തിലുള്ള അന്യൂറിസത്തിലേക്ക് നയിക്കുന്നതെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സന്തോഷ് ജോസഫ് പറഞ്ഞു.
ചെറിയൊരു പിഴവ് പോലും കൂടുതൽ സങ്കീർണതകളിലേക്ക് നയിക്കാമെന്ന സാഹചര്യത്തിൽ അത്യാധുനിക ത്രീഡി ഫ്ലൂറോസ്കോപിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചികിത്സ പൂർത്തീകരിച്ചത്. ഇത്തരം അന്യൂറിസം ചികിത്സിക്കുന്നതിനായി സാധാരണയായി തലയോട്ടി തുറന്നുള്ള സങ്കീർണ ശസ്ത്രക്രിയാരീതികളാണ് സ്വീകരിച്ചിരുന്നത്. എന്നാൽ എൻഡോവാസ്കുലാർ രീതിയിലൂടെ ശസ്ത്രക്രിയയോ ശരീരത്ത് പാടുകളോ നീണ്ട ആശുപത്രി വാസമോ ഇല്ലാതെ രോഗം ഭേദമാക്കാൻ സാധിക്കുമെന്ന് ഡോ. സന്തോഷ് ജോസഫ് അഭിപ്രായപ്പെട്ടു.
ന്യൂറോ ഇന്റർവൻഷണൽ റേഡിയോളജി സീനിയർ കൺസൽട്ടൻറ് ഡോ. മനീഷ് കുമാർ യാദവ്, ഇമേജിംഗ് ആൻഡ് ഇന്റ്ർവൻഷണൽ റേഡിയോളജി വിഭാഗം ചീഫ് കോർഡിനേറ്ററും സീനിയർ കൺസൾട്ടന്റുമായ ഡോ. മാധവൻ ഉണ്ണി, ന്യൂറോ അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ശരത് സുരേന്ദ്രൻ എന്നിവർ ചികിത്സയുടെ ഭാഗമായി.