ഒപി ടിക്കറ്റ് എടുക്കാൻ നീണ്ട ക്യൂ, ഡോക്ടറെ കാണാൻ അതിലേറെ
1488267
Thursday, December 19, 2024 6:05 AM IST
നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി വരുന്നവർക്ക് ഒപി ടിക്കറ്റ് എടുക്കുവാൻ മണിക്കൂറോളം ക്യൂവിൽ കാത്തു നിൽക്കേണ്ട അവസ്ഥ. മഴയും വെയിലും കൊണ്ട് നിരവധി രോഗികളും കൂട്ടിരിപ്പുകാരും ദുരിതം അനുഭവിക്കുകയാണ്.
രാവിലെ എട്ടുമണിമുതൽ ഒപി കൗണ്ടർ പ്രവർത്തനമാരംഭിക്കുമെങ്കിലും അതിരാവിലെ ആറ് മുതൽ തന്നെ കൗണ്ടറിന് മുന്നിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നീണ്ട ക്യൂ ആണ് രൂപപ്പെടുന്നത്.
ഒപി ടിക്കറ്റ് എടുക്കുവാൻ മണിക്കൂറോളം കാത്തുനിൽക്കുന്നവരിൽ പലരും കുഴഞ്ഞു വീഴുന്നതും പതിവാണ്. ആശുപത്രിയിൽ ദിവസവും രണ്ടായിരത്തിന് പുറത്ത് രോഗികളാണ് ഡോക്ടറെ കാണുന്നതിനും മറ്റു ആവശ്യങ്ങൾക്കുമായി എത്തുന്നത്. കൗണ്ടറിൽ നിലവിലുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും, കമ്പ്യൂട്ടറുകളുടെയും, ജീവനക്കാരുടെ കുറവുമാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. നിലവിൽ ഒ പി കൗണ്ടറിൽ മൂന്ന് ജീവനക്കാരും, ഇവരെ സഹായിക്കുന്നതിനായി രണ്ടുപേരും മാത്രമാണ് ഉള്ളത്.
കാലപ്പഴക്കം ചെന്ന കമ്പ്യൂട്ടർ പലപ്പോഴും പണിമുടക്കിയാൽ മണിക്കൂറോളം ഒപി ടിക്കറ്റ് എടുക്കാൻ വരുന്നവർ കാത്തു നിൽക്കണം. മണിക്കൂറുകളോളം നിന്ന് ഒപി ടിക്കറ്റ് എടുത്തു ഡോക്ടറുടെ കാണാൻ എത്തുമ്പോൾ അവിടെയാണ് വളരെ ദയനീയ അവസ്ഥ. ഡോക്ടറെ കാണണമെങ്കിൽ അവിടെയും മണിക്കൂറുകളോളം ക്യൂ നിൽക്കണം.
ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ഒപികൾ ജില്ലാ ആശുപത്രിയിൽ ഉണ്ടെങ്കിലും ജനറൽ, നേത്ര വിഭാഗങ്ങൾക്കാണ് ഏറ്റവും കൂടുതൽ രോഗികൾ എത്തുന്നത്.