അംബേദ്കർ അധിക്ഷേപം : യൂത്ത് കോണ്ഗ്രസ് രാജ്ഭവനിലേക്ക് മാർച്ച് നടത്തി
1488945
Saturday, December 21, 2024 6:59 AM IST
തിരുവനന്തപുരം: ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കറെ അപമാനിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി രാജ്ഭവനിലേക്ക് മാർച്ച് നടത്തി.
മ്യൂസിയം ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് രാജ്ഭവനുമുന്നിൽ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.
ബാരിക്കേഡ് മറകടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പോലീസ് നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവർത്തകർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു.
മാർച്ച് എം.വിൻസെന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘപരിവാറിന്റെ സ്വർണ കിളികൂട്ടിൽ കഴിയുന്നതിനേക്കാൾ നല്ലത് തീഹാർ ജയിലാണെന്ന രാഹുൽ ഗാന്ധിയുടെ നിലപാട് രാജ്യത്ത് പ്രതീക്ഷ നൽകുന്നതാണെന്ന് എം.വിൻസെന്റ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്ഗ്രസ് നേതാക്കളായ സജിത് മുട്ടപ്പാലം, ജിഹാദ് കല്ലന്പലം, അജയ് കുര്യാത്തി, അഫ്സൽ ബാലരാമപുരം തുടങ്ങിയവർ പ്രസംഗിച്ചു.