അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വാർഷികാഘോഷം ജനുവരി 21ന്
1488947
Saturday, December 21, 2024 6:59 AM IST
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പതിമൂന്നാം വാർഷികാഘോഷം ജനുവരി 21ന് രാവിലെ 11ന് എറണാകുളത്തെ ഐഎംഎ ഹൗസ് കലൂരിൽ കേരള ചീഫ് ജസ്റ്റീസ് നിതിൻ ജാംദാർ ഉദ്ഘാടനം ചെയ്യും. കെഎടി ചെയർമാനും കേരള ഹൈക്കോടതി ജഡ്ജിയും ആക്ടിംഗ് ചീഫ് ജസ്റ്റീസും ആയിരുന്ന ജസ്റ്റീസ് സി.കെ. അബ്ദുൾ റഹിം അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ നിയമ, വ്യവസായ മന്ത്രി പി.രാജീവ് മുഖ്യാതിഥി ആയിരിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണ നടത്തും. അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി.എ. ഷാജി, അഭിഭാഷക അസോസിയേഷൻ പ്രസിഡന്റുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും സർക്കാർ സ്കൂൾ അധ്യാപകരുടെയും പ്രത്യേകം അധികാരപ്പെടുത്തുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും സർവീസ് സംബന്ധമായ വ്യവഹാരങ്ങളും കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പ് സംബന്ധിക്കുന്ന വ്യവഹാരങ്ങളുമാണ് പ്രധാനമായും കെഎടിയുടെ പരിധിയിൽ വരുന്ന കേസുകൾ.
കേരള ഹൈക്കോടതിയുടെ അധികാരപരിധിയിൽ വന്നിരുന്നതും അവിടെ കൈകാര്യം ചെയ്തിരുന്നതുമായ സർവീസ് കേസുകളാണ് കെഎടി ഇപ്പോൾ കൈകാര്യം ചെയ്ത് വരുന്നത്. പ്രവർത്തനം ആരംഭിച്ചു പതിമൂന്ന് വർഷം പിന്നിടുമ്പോൾ 55458 കേസുകളാണ് ഈ ട്രൈബ്യൂണലിൽ നിന്നും തീർപ്പാക്കപ്പെട്ടിട്ടുള്ളത്. നിലവിൽ 10908 കേസുകൾ തീർപ്പു കൽപ്പിക്കുന്നതിനായി ട്രൈബ്യൂണലിന്റെ പരിഗണനയിലുണ്ട്.