പൂജപ്പുരയിലെ "ടേക്ക് എ ബ്രേക്ക്' പദ്ധതിയും അടഞ്ഞു
1488922
Saturday, December 21, 2024 6:47 AM IST
പേരൂര്‍ക്കട: പൂജപ്പുരയില്‍ തിരുവനന്തപുരം നഗരസഭയുടെ ഓണ്‍ ഫണ്ടില്‍നിന്നു 10 ലക്ഷം ചെലവിട്ട് നിര്‍മിച്ച ശുചിമുറി മൂന്നുമാസമായി അടഞ്ഞുകിടക്കുന്നു. ഡപ്യൂട്ടി മേയര്‍ പി.കെ രാജുവാണ് ടെയ്ക്ക് എ ബ്രേക്ക് എന്നു പേരിട്ടിരിക്കുന്ന ശുചിമുറിയുടെ ഉദ്ഘാടനം ഒരു വര്‍ഷത്തിനുമുമ്പ് നിര്‍വഹിച്ചത്.
ഇതിനോട് ചേർന്ന് ഒരു കടമുറി പണിതെങ്കിലും അതും അടഞ്ഞുതന്നെ കിടക്കുന്നു. ഏകദേശം എട്ട് മാസം മാത്രമാണ് ശുചിമുറി പ്രവര്‍ത്തിച്ചത്. നടത്തിപ്പിന് ഒരാളെ നിയമിക്കുകയോ സുരക്ഷാജീവനക്കാരനെ നിയോഗിക്കുകയോ ചെയ്തില്ല.
നിയന്ത്രണമില്ലാതായതോടെ ശുചിമുറിക്കുള്ളിൽ മദ്യക്കുപ്പികള്‍ നിരന്നു, കുടിവെള്ള പൈപ്പുകള്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. നാപ്കിന് വെന്‍ഡിംഗ് മെഷീന്, യൂറിനല്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടി ഉദ്ഘാടനം ചെയ്ത ശുചിമുറിയാണ് പൊതുജനങ്ങള്‍ക്കു പ്രയോജനപ്പെടാതെ നശിക്കുന്നത്.
സാമൂഹികവിരുദ്ധശല്യമെന്ന പരാതിയെത്തുടര്‍ന്നാണ് ശുചിമുറി താത്കാലികമായി അടച്ചിട്ടിരിക്കുന്നതെന്നാണ് നഗരസഭയുടെ ഭാഷ്യം. നശിപ്പിക്കപ്പെട്ട പൈപ്പുകള്‍ക്കു പകരം പുതിയ പൈപ്പുകള്‍ വാങ്ങിനല്‍കാന്‍ പൊതുജനങ്ങള്‍ മുന്നോട്ടുവന്നുവെങ്കിലും ഫലമുണ്ടായില്ല.
ശൗചാലയം തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിന് സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ നിവേദനങ്ങളുമായി എത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
ഇതിനിടെ ശൗചാലയത്തിനു മുന്നില്‍ നിരവധി സമരങ്ങളുമുണ്ടായി.
ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ ഫ്ളക്സ് സ്ഥാപിക്കുകയും റീത്ത് വയ്ക്കുകയും ചെയ്തതാണ് ഏറ്റവുമൊടുവിലത്തെ സമരം.