പുതുമോടിയിൽ എം.എൻ സ്മാരകം
1488916
Saturday, December 21, 2024 6:47 AM IST
തിരുവനന്തപുരം : നവീകരിച്ച സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം.എൻ.സ്മാരകത്തിന്റെ ഉദ്ഘാടനം ഈ മാസം 26നു നടക്കും. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഉദ്ഘാടകൻ.
300 പേർക്ക് ഇരിക്കാവുന്ന തരത്തിലുള്ള ഓഡിറ്റോറിയം നവമാധ്യമം കൈകാര്യം ചെയ്യുന്നതിനുള്ള സ്റ്റുഡിയോ റൂം, പാർട്ടി വർഗബഹുജനസംഘടനകൾക്കുള്ള ഓഫീസ് എന്നിവ നവീകരിച്ച ഓഫീസിൽ സജീകരിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ഓഫീസ് ഒന്നാം നിലയിലാണ്. നേരത്തേ സെക്രട്ടറിയുടെ ഓഫീസ് താഴത്തെ നിലയിലായിരുന്നു.
പ്രധാന ഓഫീസിന്റെ വലതു വശത്തായി മൂന്നു നിലകളിലായി പണി കഴിപ്പിച്ച കെട്ടിടത്തിൽ നേതാക്കൾക്കു താമസിക്കാനുള്ള മുപ്പതോളം മുറികൾ ഉണ്ട്. കാന്റീൻ സംവിധാനവും പുതിയ കെട്ടിടത്തിലുണ്ട്.
കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കുന്പോഴാണു എം.എൻ.സ്മാരകത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 26-മുതൽ നവീകരിച്ച മന്ദിരത്തിൽ ഓഫീസ് പ്രവർത്തിച്ചു തുടങ്ങും. ഇപ്പോൾ പട്ടത്തുള്ള പി.വി.സ്മാരകത്തിലാണു പാർട്ടി ഓഫീസ് പ്രവർത്തിക്കുന്നത്.