ദേശീയ ടേബിൾ ടെന്നിസ് ചാന്പ്യൻഷിപ്പിനെ തളർത്താൻ സർക്കാർ സംവിധാനമെന്ന് ആക്ഷേപം
1486371
Thursday, December 12, 2024 2:31 AM IST
തിരുവനന്തപുരം: കായിക മേഖലയ്ക്ക് പ്രോത്സാഹനം നൽകേണ്ട സർക്കാർ സംവിധാനം തന്നെ പണപ്പിരിവ് കേന്ദ്രമാകുന്നതായി പരാതി. കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ടേബിൾ ടെന്നിസ് മത്സരങ്ങൾക്കായി തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയം വാടകയ്ക്ക് എടുത്ത സംഘാടകരോടെ മത്സരം ആരംഭിച്ചു കഴിഞ്ഞപ്പോൾ സ്റ്റേഡിയത്തിനുള്ളിൽ പ്രദർശിപ്പിച്ച ബാനറുകൾക്ക് അമിത നിരക്കിലുള്ള ഫീസ് നൽകണമെന്ന ആവശ്യപ്പെട്ടതാണ് വിവാദമായത്. ഇതോടെ സംഘാടകർ ബാനറുകൾ അിച്ചുമാറ്റേണ്ട സ്ഥിതിവിശേഷവുമുണ്ടായി.
കേരള സർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിന്റെ കീഴിൽ സ്പോർട്സ് കേരള ഫൗണ്ടേഷൻ പ്രവർത്തിപ്പിക്കുന്ന വെള്ളയന്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം വാടകയ്ക്ക് എടുത്താണ് യുടിടി നാഷണൽ റാങ്കിംഗ് ടേബിൾ ടെന്നിസ് ചാന്പ്യൻഷിപ്പ് നടത്തുന്നത്.
ടേബിൾ ടെന്നിസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ടേബിൾ ടെന്നിസ് അസോസിയേഷൻ ഓഫ് കേരളയാണ് ചാന്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. 2024 അഞ്ചിന് ആരംഭിച്ച മത്സരങ്ങൾ ഇന്ന് അവസാനിക്കും.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 12 വിഭാഗങ്ങളിൽ ആയിരത്തിലേറെ പുരുഷ, വനിതാ താരങ്ങൾ പങ്കെടുക്കുന്ന ചാന്പ്യൻഷിപ്പിനെ തകർക്കുന്ന രീതിയിലാണ് സ്റ്റേഡിയം നടത്തിപ്പുകാരുടെ നിലപാട്. വിവിധ സ്ഥാപനങ്ങളുടെ ആശംസാ ബാനറുകൾ പ്രദർശിപ്പിച്ചാണ് ചെറിയ തുകയ്ക്കുള്ള സ്പോണ്സർഷിപ് സംഘാടകർ നേടുന്നത്. ഇതിൽ നിന്നും കൈയിട്ടു വാരാനാണ് ശ്രമം. ബാനറുകൾ മാറ്റിയതോടെ പ്രതീക്ഷിച്ചിരുന്ന വരുമാനം പൂർണമായും നഷ്ടപ്പെടും.
ഒരു സ്റ്റേഡിയം വാടകയ് ക്ക് എടുത്താൽ അതിനുള്ളിൽ ബാനറുകൾ കെട്ടിയാൽ അതിനു പ്രത്യേക വാടകയെന്നത് കേട്ടുകേൾവി പോലും ഇല്ലാത്തതാണെന്നാണ് സംഘാടകർ പറയുന്നത്. ദേശീയ തലത്തിലുള്ള ഒരു മത്സരം സംസ്ഥാനത്ത് സംഘടിപ്പിക്കുന്പോൾ സംസ്ഥാന കായിക വകുപ്പിന്റെ ഇത്തരത്തിലുള്ള നിലപാടിനെതിരേ രൂക്ഷമായ വിമർശനമാണ് കായികമേഖലയിൽ നിന്നും ഉയരുന്നത്.