"ഗ്രന്ഥശാല പ്രവർത്തനങ്ങളിൽ കാലോചിതമായ മാറ്റം വരണം'
1486366
Thursday, December 12, 2024 2:30 AM IST
തിരുവനന്തപുരം: കാലം മാറുന്നതിനനുസരിച്ച് ഗ്രന്ഥശാലകളുടെ പ്രവർത്തനത്തിലും യോജിച്ച മാറ്റം വരുത്തേണ്ടതാണെന്ന് വിഎസ്എസ്സി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ് ണൻ നായർ. ഗ്രന്ഥശാലകളുടെ പ്രവർത്തനങ്ങളിൽ പുതിയകാല സാങ്കേതിക സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തി യുവതലമുറയ്ക്കു ഗ്രന്ഥശാലകൾ സ്വീകാര്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാലയുടെ 110-ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും വായനശാല കേശവപിള്ള പുരസ്കാര ദാനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൈക്കാട് ഭാരത് ഭവനിലായിരുന്നു ചടങ്ങ്. പ്രശസ്ത നാടകകൃത്തും നടനുമായ പ്രഫ. ജി. ഗോപാലകൃഷ്ണനു കേശവപിള്ള പുരസ് കാരം എസ്. ഉണ്ണികൃഷ്ണൻ നായർ സമ്മാനിച്ചു.
മൊബൈൽ ഫോണും ഇന്റർനെറ്റും ഉൾപ്പെടെയുള്ള നവമാധ്യമങ്ങളുടെ കാലമാണിത്. സാങ്കേതികമായ ഈ വളർച്ചയ്ക്കനുസൃതമായി ഗ്രന്ഥശാലകളുടെ പ്രവർത്തവും സജ്ജമാക്കേണ്ടതുണ്ട്. ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാല ഉൾപ്പെടെയുള്ള ഗ്രന്ഥശാലകളിലെ അമൂല്യമായ പുസ്തകശേഖരം പുതിയ തലമുറയിലേക്കു എത്തിക്കുവാനുള്ള സാങ്കേതിക സംവിധാനം ഒരുക്കുന്നത് അഭികാമ്യമാണ്. എല്ലാ മേഖലകളിലും ഈ ഒരു മാറ്റം ഇന്ന് അനിവാര്യമാണ്. എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വർഷങ്ങൾക്കു മുന്പ് ഡോ. ജി. ഗോപാലകൃഷ്ണൻ രചിച്ച് ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാല അവതരിപ്പിച്ച വെറുതെ മോഹിക്കുവാൻ മോഹം എന്ന നാടകത്തിന്റെ ഭാഗമായ സംഭവവും എസ്. ഉണ്ണികൃഷ്ണൻ നായർ പങ്കുവച്ചു.
നൂറു വർഷങ്ങൾക്കു മുന്പ് രചിക്കപ്പെട്ട ചിത്രോദയം മഹാകാവ്യം ഉൾപ്പെടെയുള്ള അപൂർവകൃതികൾ ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാലയിൽ ലഭ്യമാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗ്രന്ഥശാല പ്രസിഡന്റ് കൂടിയായ മുൻചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ പറഞ്ഞു. ചരിത്ര പണ്ഡിതൻ ഡോ. എം.ജി. ശശിഭൂഷണ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിനു ഗ്രന്ഥശാല നിർവാഹക സമിതി അംഗങ്ങളായ എസ്. രാധാകൃഷ്ണൻ സ്വാഗതവും പി. ശ്രീകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് പ്രഫ. ജി. ഗോപാലകൃഷ്ണൻ രചിച്ച്, ഡോ. രാജവാര്യർ സംവിധാനം നിർവഹിച്ച വിദ്യാധിരാജൻ എന്ന നാടകം അരങ്ങേറി.
സ്വന്തം ലേഖിക