യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഘം പിടിയിൽ
1486166
Wednesday, December 11, 2024 6:52 AM IST
പേരൂര്‍ക്കട: യുവാവിനെ വീടുകയറി വാളുകൊണ്ടു വെട്ടിയ മൂന്നംഗസംഘത്തെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റു ചെയ്തു. മെഡിക്കല്‍കോളജ് സ്വദേശി ആദിത്യന് (27), വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണം സ്വദേശികളായ വിശാഖ് (23), സുധീഷ് (22) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് കേസിന്നാസ്പദമായ സംഭവം.
കൊടുങ്ങാനൂര്‍ സ്വദേശി സബിന്‍ (23) ആണ് ആക്രമണത്തിന് ഇരയായത്. സബിന്റെ സഹോദരനുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളും അതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളുമാണ് ആക്രമണത്തില്‍ കലാശിച്ചത്.
വാളുമായി വീട്ടിലെത്തിയ സംഘം സബിന്റെ കൈയില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു.
സാരമായി പരിക്കേറ്റ സബിന്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വട്ടിയൂര്‍ക്കാവ് സിഐ അജേഷും സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.