അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷിച്ചതു രണ്ട് ജീവനുകള്‍; നവജാത ശിശുവും അമ്മയും സുഖംപ്രാപിക്കുന്നു
1485828
Tuesday, December 10, 2024 6:03 AM IST
തിരുവനന്തപുരം: കിംസ്ഹെല്‍ത്തിലെ ഡോക്ടറുമാരുടെ സമയോചിത ഇടപെടലില്‍ രക്ഷിക്കാനായത് രണ്ടു ജീവനുകള്‍. 26 ആഴ്ച ഗര്‍ഭിണിയായിരിക്കെ ബൈക്ക് അപകടത്തില്‍പ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന യുവതിയില്‍ നടത്തിയ ഒന്നിലധികം ശസ്ത്രക്രിയകള്‍ വിജയകരം.
നവജാതശിശുവും അമ്മയും സുഖം പ്രാപിക്കുന്നു. തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെ ഒന്നിലധികം വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് നവജാതശിശുവിന്റെയും യുവതിയുടെയും ആരോഗ്യനില വീണ്ടെടുക്കാനായത്.
ആന്തരിക രക്തസ്രാവം, തകര്‍ന്ന ഡയഫ്രം, ഉദരാന്തര്‍ഭാഗത്തുള്ള പരിക്കുകള്‍, പ്ലീഹ ഗ്രന്ഥിയിലെ മുറിവ്, നെഞ്ചിലേക്കുള്ള രക്തസ്രാവം എന്നിങ്ങനെ ഒന്നിലധികം അവയവങ്ങളിലെ ഗുരുതര പരിക്കുകളോടെയാണ് 26-കാരിയെ കിംസ്ഹെല്‍ത്തിലെ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പത്. കൂടാതെ പൊക്കിള്‍ക്കൊടി ഗര്ഭാശയത്തില്നിന്നു വേര്‍പെട്ട നിലയിലുമായിരുന്നു.
കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറയുന്നതു മനസിലാക്കി അടിയന്തര ശസ്ത്രക്രിയയിലുടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഒബ്സ്ട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി. ഗീത, ഹെപറ്റോബൈലറി, പാന്‍ക്രിയാറ്റിക് ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി ഗ്യാസ്ട്രോ ഇന്റസ്റ്റിനല്‍ സര്‍ജറി വിഭാഗം കണ്‍സൾട്ടന്റ് ഡോ. വര്‍ഗീസ് എല്‍ദോ, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ക്ലിനിക്കല്‍ ഡയറക്ടറും കോ-ഓര്‍ഡിനേറ്ററുമായ ഡോ. വി. ദീപക്, ജനറല്‍ ആന്‍ഡ് മിനിമല്‍ ഇന്‍വേസീവ് സര്‍ജറി വിഭാഗം സ്പെഷലിസ്റ്റ് ഡോ. നിഷ പ്രസന്നന്, അനസ്തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. നിമിഷ ജോയ്, ഡോ. പൂര്‍ണിമ കസ്തൂരി എന്നിവരും ചികിത്സയുടെ ഭാഗമായി.