അദാലത്ത് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ : മന്ത്രി വി. ശിവന്‍കുട്ടി
1486167
Wednesday, December 11, 2024 7:04 AM IST
നെയ്യാറ്റിന്‍കര : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും താഴെത്തട്ടിൽ നീതി ലഭ്യമാക്കുന്നതിനുമുള്ള സർക്കാരിന്റെ അചഞ്ചലമായ സമർപ്പണത്തിന് അടിവരയിടുന്നതാണ് കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ഇന്നലെ നെയ്യാറ്റിൻകര എസ്.എൻ ഓഡിറ്റോറിയത്തിൽ നടന്ന കരുതലും കൈത്താങ്ങും നെയ്യാറ്റിൻകര താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനകേന്ദ്രീകൃതവും സുതാര്യവും പ്രതികരണാത്മകവുമായ ഭരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാട് ഉൾക്കൊള്ളുന്നതാണ് താലൂക്ക് അദാലത്ത്. ജനങ്ങളുടെ ആശങ്കകൾക്ക് വേഗത്തിലും ഫലപ്രദമായും പരിഹാരം ഉറപ്പാക്കാനും ഭരണം ജനങ്ങളിലേയ്ക്ക് കൂടുതൽ അടുപ്പിക്കാനുമാണ് താലൂക്ക് തല അദാലത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
സർക്കാരിന്റെ ജനകീയ ഇടപെടലുകളുടെ സാക്ഷ്യമാണ് കരുതലും കൈത്താങ്ങും അദാലത്തെന്ന് ചടങ്ങില്‍ സംബന്ധിച്ച മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കെ.ആൻസലൻ എംഎൽഎ അധ്യക്ഷനായിരുന്നു. സി.കെ ഹരീന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ, നെയ്യാറ്റിൻകര സഗരസഭ ചെയർമാൻ പി.കെ രാജമോഹനൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ ബെൻ ഡാർവിൻ, ജില്ലാ കളക്ടർ അനുകുമാരി എന്നിവര്‍ പങ്കെടുത്തു.
വിവിധ വകുപ്പുകളിലായി 713 അപേക്ഷകള്‍ അദാലത്തില്‍ ലഭിച്ചതില്‍ 428 അപേക്ഷകൾ തീർപ്പാക്കിയതായി അധികൃതര്‍ അറിയിച്ചു. അദാലത്ത് വേദിയിലെ കൗണ്ടറുകളിൽ നേരിട്ട് പുതുതായി 962 അപേക്ഷകള്‍ ലഭിച്ചു.