ഓറഞ്ച് ദി വേൾഡ് കാന്പയിൻ: സ്കൂട്ടർറാലി സംഘടിപ്പിച്ചു
1486359
Thursday, December 12, 2024 2:30 AM IST
നെടുമങ്ങാട്: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി വനിതാ ശിശു വികസന വകുപ്പ് "ഓറഞ്ച് ദി വേൾഡ്' കാന്പയിന്റെ ഭാഗമായി സ്കൂട്ടർ റാലി സംഘടിപ്പിച്ചു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി മനുഷ്യാവകാശദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് റാലി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ചിത്രലേഖ ശൈശവ വിവാഹ നിരോധന പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. തുടർന്ന് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച സ്ത്രീകൾ അണി നിരന്ന സ്കൂട്ടർറാലി നെടുമങ്ങാട് ബ്ലോക്ക് ഓഫീസ് അങ്കണത്തിൽനിന്നും ആരംഭിച്ച് പഴകുറ്റി - നെടുമങ്ങാട് മുൻസിപ്പാലിറ്റി-ബസ് സ്റ്റാൻഡ് വഴി മാർക്കറ്റ് ജംഗ്ഷൻ, ആശുപത്രി ജംഗ്ഷൻ, പഴകുറ്റി വഴി നെടുമങ്ങാട് ബ്ലോക്ക് ഓഫിസിലെത്തി സമാപിച്ചു.സിഡിപിഒ ഡോ. പ്രീതാകുമാരി, സൂപ്പർവൈസർമാരായ ശരണ്യ, സവിത, ജനപ്രതിനിധികൾ, അങ്കണവാടി പ്രവർത്തകൾ എന്നിവർ സ്കൂട്ടർ റാലിയിൽ പങ്കെടുത്തു.