വി.വി. രാജേഷ് നയിക്കുന്ന പ്രതിഷേധ ജാഥയ്ക്ക് തുടക്കം
1485831
Tuesday, December 10, 2024 6:04 AM IST
തിരുവനന്തപുരം: വാർഡ് വിഭജനത്തിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് നയിക്കുന്ന പ്രതിഷേഥ ജാഥയ്ക്ക് തുടക്കമായി. ജസ്റ്റീസ് എം.ആർ. ഹരിഹരൻ നായർ ജാഥ ഉദ് ഘാടനം ചെയ്തു.
അശാസ്ത്രീയമായ വാർഡ് വിഭജനത്തിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി സർക്കാർ തീരുമാനം പുനഃപരിശോധിക്കണെമെന്നും തെറ്റുകൾ തിരുത്തണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. നൂറു വാർഡുകളുള്ള കോർപ്പറേഷനിൽ ഒരു വാർഡുകൂടി കൂട്ടുന്നതിനാണ് എട്ടു വാർഡുകൾ ഇല്ലാതാക്കി പകരം ഒൻപതെണ്ണം പുതിയതായി രൂപികരിക്കുന്നത്. എന്താണ് ഇതിനു പുറകിലുള്ള യുക്തി. ഇത് സുതാര്യമായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു യുക്തിയുമില്ലാത്ത, ആശാസ്ത്രീയമായ വാർഡ് വിഭജനത്തിനുപിന്നിൽ ഗുഢലക്ഷ്യമുണ്ടെന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
ജനക്ഷേമ നടപടികളും സമാധാനവും നന്മയുമൊക്കെയാണ് ജനാധിപത്യ സർക്കാരിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിലെ ഭരണകർത്താക്കൾ ചെയ്യുന്നത് ജനക്ഷേമപരമായ കാര്യങ്ങളല്ലെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും ഇടതുമുന്നണിക്കുമേറ്റ തിരിച്ചടി മറികടക്കാനാണ് വാർഡ് വിഭജനം നടത്തുന്നതെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ്.
തിരുവനന്തപുരം കോർപ്പറേഷനിലെ 100 വാർഡുകളിൽ 70 വാർഡുകളിലും ഒന്നാം സ്ഥാനത്ത് എൻഡിഎയാണ്. 29 വാർഡുകളിൽ യുഡിഎഫും മുന്നിൽ വന്നു. ഒരു വാർഡിൽ മാത്രമാണ് എൽഡിഎഫ് ഒന്നാം സ്ഥാനത്തുള്ളത്. മഞ്ചേശ്വരം മുതൽ പാറശാല വരെയുള്ള എല്ലാ പഞ്ചായത്തുകളിലും ഇതുതന്നെയാണു സ്ഥിതി. ഇതു മറികടക്കുവാനാണ് വാർഡ് വിഭജനത്തിലൂടെ സിപിഎം ശ്രമിക്കുന്നതെന്നും വി.വി രാജേഷ് പറഞ്ഞു.
കോർപ്പറേഷൻ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കൗണ്സിൽ പാർട്ടി ലീഡർ എം.ആർ. ഗോപൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രഫ. വി.ടി. രമ, സി. ശിവൻകുട്ടി, സംസ്ഥാന കമ്മറ്റിയംഗം മധു മുല്ലശേരി, സംസ്ഥാന സമിതി അംഗം സിമി ജ്യോതിഷ്, തന്പാനൂർ സതീഷ്, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. 15 വരെ തുടരുന്ന പ്രതിഷേധ ജാഥ നഗരപരിധിയിലെ വിവിധ വാർഡുകളിലൂടെ കടന്നു പോകും.