മൂന്നരവയസ്സുകാരി മകള്‍ ഇസൈറയോടൊപ്പം മാഗ്ലിന്‍ മടങ്ങി, മനം നിറയെ ആശ്വാസത്തോടെ
1486168
Wednesday, December 11, 2024 7:04 AM IST
നെയ്യാറ്റിന്‍കര : കരുതലും കൈത്താങ്ങും അദാലത്തില്‍ നിന്നും മാഗ്ലിന്‍ മകള്‍ ഇസൈറയോടൊപ്പം ഓട്ടോറിക്ഷയില്‍ വീട്ടിലേയ്ക്ക് മടങ്ങിയത് മനം നിറയെ ആശ്വാസത്തോടെയാണ്. വിഴിഞ്ഞം കൂട്ടിക്കൽ പറമ്പ് സ്വദേശിനി മാഗ്ലിന്റെ ഇരുകാലുകള്‍ക്കും ചലനശേഷിയില്ല. കൂലിപ്പണിക്കാരനായ ഭര്‍ത്താവും മൂന്നരവയസുകാരി മകളും അടങ്ങുന്ന മാഗ്ലിന്റെ കുടുംബം സാന്പത്തിക പരാധീനതയിലാണ്.
അദാലത്തില്‍ തന്റെ സങ്കടങ്ങളും ആവശ്യങ്ങളും അറിയിക്കാനും സഹായിക്കണമേയെന്ന് അപേക്ഷിക്കാനുമാണ് മാഗ്ലിന്‍ എത്തിയത്. സ്വതന്ത്രമായി സഞ്ചരിക്കാൻ മുച്ചക്ര ഇലക്ട്രിക് സ്കൂട്ടര്‍, സ്വന്തമായി ഒരു കിടപ്പാടം എന്നീ ആവശ്യങ്ങള്‍ മന്ത്രി ജി.ആര് അനില്‍ അവരുടെ അരികില്‍ ചെന്ന് അനുഭാവപൂര്‍വം കേള്‍ക്കുകയും ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാക്കുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസറിനെ വിളിച്ചു വരുത്തി ഉത്തരവ് നൽകുകയും ചെയ്തു.
ലൈഫ് പദ്ധതിയിലുൾപ്പെടുത്തി 2020 ൽ വീട് അനുവദിച്ചുവെങ്കിലും സാമ്പത്തികപ്രശ്നങ്ങളാല്‍ പണി തുടങ്ങാനായിട്ടില്ല. വീടിന്റെ അപേക്ഷ മന്ത്രി തുടർനടപടികൾക്കായി ജില്ലാ കളക്ടർക്ക് കൈമാറി.
കൊല്ലയിൽ പഞ്ചായത്തിലെ രവീന്ദ്രൻനായര്‍, മഞ്ചവിളാകം സ്വദേശിനി റോസിലി, പെരുങ്കടവിള പഴമലയിൽ താമസിക്കുന്ന സിന്റർല എന്നിവര്‍ക്ക് ഉപജീവന മാര്‍ഗമായ വളര്‍ത്തുമൃഗങ്ങള്‍ക്കുണ്ടായ ആപത്തിലൂടെ നേരിട്ട നഷ്ടം നികത്താന്‍ സഹായിക്കണമെന്ന അപേക്ഷയും മന്ത്രിമാരുടെ മുന്നിലെത്തി. ഉചിതമായ നഷ്ടപരിഹാരം നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രിമാര്‍ നിർദേശം നൽകി.
സഹായം അനുവദിച്ചു കൊണ്ടുള്ള ഉത്തരവുകൾ പരാതിക്കാർക്ക് മന്ത്രിമാർ അദാലത്ത് വേദിയില്‍ തന്നെ കൈമാറുകയും ചെയ്തു.
പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത അതിയന്നൂർ സ്വദേശി വത്സലയ്ക്കും അപകടത്തെ തുടർന്ന് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട ഭർത്താവ് രാജനൊപ്പം എത്തിയ നെയ്യാറ്റിന്‍കര പള്ളിനട സ്വദേശിനി രാജത്തിനും അര്‍ഹമായ മഞ്ഞ റേഷൻകാർഡ് അദാലത്ത് വേദിയില്‍ ലഭിച്ചു. ചുവപ്പ് റേഷൻ കാർഡിൽ നിന്നും അന്ത്യോദയ അന്നായോജന കാർഡിലേക്കുള്ള തരംമാറ്റം അതിവേഗം നടപ്പായതിന്റെ സന്തോഷം അവര്‍ പങ്കുവച്ചു.
കോവിഡു കാലം മുതല്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള സാങ്കേതിക പ്രശ്നങ്ങള്‍ അദാലത്തിലൂടെ പരിഹരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് സഹോദരങ്ങളായ ആര്യയും അരുണും.
പരാതി മനസ്സിലാക്കിയ മന്ത്രി വി. ശിവൻകുട്ടി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കണ്ടെത്തി.
അദ്ദേഹത്തിന്റെ നിർദേശ പ്രകാരം കെ. ആന്‍സലന്‍ എംഎല്‍എ അദാലത്ത് വേദിയിൽ ആര്യയ്ക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് കൈമാറി.