പിണറായി സർക്കാർ ധൂർത്തിന്റെ പര്യായമായിമാറി: വി.എസ്. ശിവകുമാർ
1486159
Wednesday, December 11, 2024 6:52 AM IST
കെപിഎസ്ടിഎ ധർണ നടത്തി
തിരുവനന്തപുരം: സമസ്ത മേഖലകളെയും മുരടിപ്പിച്ചുകൊണ്ടും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാതെയും കേരളത്തെ പിന്നോട്ടടിച്ച സർക്കാരാണു കേരളം ഭരിക്കുന്നതെന്നും, ശമ്പളവും ക്ഷേമപെൻഷനുകളും കൊടുക്കാൻ പോലും ബുദ്ധിമുട്ടാണെന്നു മേനി പറയുമ്പോഴും ധൂർത്തിന്റെ പര്യായമായി ഈ സർക്കാർ മാറിയിരിക്കുന്നുവെന്നു മുൻ മന്ത്രിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ അഡ്വ. വി.എസ്. ശിവകുമാർ പ്രസ്താവിച്ചു.
കെപിഎസ്ടിഎ സംസ്ഥാന വ്യാപകമായി ഡിഡിഇ ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണയുടെ ഭാഗമായി തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുൻപിൽ ജില്ലാ വൈസ് പ്രസിഡന്റ് ആർ. അജിയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, സ്ഥിരനിയമനം ലഭിച്ച അധ്യാപകരെ ദിവസവേതനക്കാരാക്കാനുള്ള ഉത്തരവ് പിൻവലിക്കുക, ഭിന്നശേഷി വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടെത്തുക, കുടിശികയായ ഡിഎ അനുവദിക്കുക, ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ കെപിഎസ്ടിഎ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ. രാജ്മോഹൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട്, സംസ്ഥാന നിർവാഹസമിതി അംഗങ്ങളായ നെയ്യാറ്റിൻകര പ്രിൻസ്, പ്രദീപ് നാരായൺ, ജി.ആർ. ജിനിൽ ജോസ്, ബിജു തോമസ്, ജെ. സജീന, എൻ. സാബു, ജില്ലാ സെക്രട്ടറി സി.ആർ. ആത്മകുമാർ, ട്രഷറർ ബിജു ജോബായി, അരുൾ ജി. ദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റോബർട്ട് വാത്സകം, ആർ. അനിൽരാജ്, എസ്. ബിജു, എസ്. സിന്ധു, ഐ. ശ്രീകല എന്നിവർ പ്രസംഗിച്ചു.