ക്രൈസ്റ്റ് നഗർ സ്കൂളിൽ ക്രിസ്മസ് ആഘോഷവും സ്കൂൾ വാർഷികവും
1486158
Wednesday, December 11, 2024 6:52 AM IST
തിരുവനന്തപുരം: ക്രൈസ്റ്റ് നഗർ സ്കൂളിലെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷത്തിന്റെയും സ്കൂൾ വാർഷികത്തിന്റെയും ഉദ്ഘാടനം തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ മാത്യൂസ് മാർ പോളികാർപസ് നിർവഹിച്ചു.
കേക്കിന്റെ മാധുര്യം പോലെ, പുൽക്കൂടിന്റെ ലാളിത്യം പോലെ ജീവിതം മധുരവും ലാളിത്യവും നിറഞ്ഞതാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു. അഭ്രപാളികളിൽ നിറഞ്ഞുനിന്ന ബെന്യാമിന്റെ ആടുജീവിതത്തിലെ യഥാർഥ കഥാനായകൻ നജീവ് മുഹമ്മദ് മരുഭൂമിയിൽ താൻ കരഞ്ഞുതീർത്തതും വായനക്കാരെ കരയിച്ചതുമായ തന്റെ ജീവിതാനുഭവങ്ങൾ മുഖ്യപ്രഭാഷണത്തിൽ പങ്കുവച്ചു. സ്കൂൾ മാനേജർ ഫാ. പോൾ മങ്ങാട് സിഎംഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഫാ. സേവ്യർ അന്പാട്ട് സിഎംഐ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
നൂറ്റിയന്പതോളം കുട്ടികൾ പങ്കെടുത്ത ക്രിസ്മസ് ക്വയർ, ക്രിസ്മസ് ട്രീ ആൻഡ് ക്രിബ് മത്സരങ്ങൾ, കാരൾ, മറ്റു നൃത്തനൃത്യങ്ങൾ എന്നിവ ആഘോഷങ്ങൾക്കു പകിട്ടായി. അക്കാദമിക് തലത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്കാരം മാത്യൂസ് മാർ പോളികാർപസ് വിതരണം ചെയ്തു.
ക്രൈസ്റ്റ് നഗർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ വൈസ് പ്രിൻസിപ്പലും ബർസാറുമായ ഫാ. റോബിൻ പതിനാറിൽചിറ സിഎംഐ വിശിഷ്ടാതിഥികൾക്ക് ഉപഹാരം സമർപ്പിച്ചു.