ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം: റിപ്പോര്‍ട്ട് വൈകിപ്പിച്ച് അച്ചടക്ക സമിതി
1486369
Thursday, December 12, 2024 2:30 AM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ എസ്എഫ്ഐ നേതാക്കള്‍ മര്‍ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് വൈകിപ്പിച്ച് കോളജ് അച്ചടക്ക സമിതി. സംഭവത്തില്‍ പ്രതികളായ എസ്എഫ്ഐ നേതാക്കളുടെ വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ലെന്നു പറഞ്ഞാണു സമിതി റിപ്പോര്‍ട്ട് നല്‍കുന്നത് നീട്ടിക്കൊണ്ടു പോകുന്നത്. ഏറ്റവും ഒടുവില്‍ ഇന്നലെ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വ്യക്തമാക്കിയിരുന്നത്.
കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ അടക്കം അന്വേഷിക്കുന്ന സംഭവത്തില്‍ അച്ചടക്ക സമിതി റിപ്പോര്‍ട്ട് നീട്ടിക്കൊണ്ടു പോകുന്നത് പ്രതികളായ എസ്എഫ്ഐ നേതാക്കളെ രക്ഷിക്കാനാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
അതിനിടെ എസ്എഫ്ഐ നേതാക്കളെ ന്യായീകരിച്ച് സ്റ്റാഫ് അഡൈ്വസര്‍ സി.കെ. അഖില്‍ രംഗത്തെത്തിയിട്ടുണ്ട്. മര്‍ദനം നടന്നതായി പറയപ്പെടുന്നദിവസം കോളജ് യൂണിയന് പരിപാടികള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്നാണ് അഖിലിന്റെ വിശദീകരണം. യൂണിയന് ഓഫീസില്‍വച്ച് എസ്എഫ്ഐ നേതാക്കള്‍ മര്‍ദിച്ചുവെന്നാണ് പരാതിക്കാരനായ മുഹമ്മദ് അനസിന്റെ പ്രധാന പരാതി. മര്‍ദനം നടന്നു എന്നു പറയുന്ന ദിവസം കോളജ് യൂണിയന് പരിപാടികള്‍ ഒന്നുമില്ലായിരുന്നു എന്ന വാദത്തിലൂടെ കുറ്റക്കാരെ വെള്ളപൂശാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആക്ഷേപമാണ് ഉയർന്നുവരുന്നത്.
കോളജ് അച്ചടക്കസമിതിയും കോളജ് ഡയറക്ടറേറ്റും പോലീസും അന്വേഷിക്കുന്ന സംഭവത്തില്‍ പ്രതികള്‍ക്ക് അനുകൂലമാകാവുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് സ്റ്റാഫ് അഡ്വൈസറുടെ ഭാഗത്തു നിന്നുണ്ടായതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അന്നത്തെ ദിവസം കോളജ് യൂണിയന് പരിപാടിയില്‍ സഹകരിക്കാത്തതിനാണ് മര്‍ദിച്ചതെന്ന തരത്തില്വന്ന വാര്‍ത്തകള്‍ ശരിയല്ലന്നു ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തെന്നും മറ്റു വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെന്നുമാണ് അഖിലിന്റെ വിശദീകരണം.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് കഴിഞ്ഞ ദിവസം മന്ത്രി ആര്. ബിന്ദു കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ പി. സുധീറിനു നിര്‍ദേശം നല്‍കിയിരുന്നു.