പാലംപണിക്കായി റോഡടച്ച കോൺക്രീറ്റിൽ ബൈക്ക് ഇടിച്ചുകയറി യുവാവിനു ദാരുണാന്ത്യം
1486161
Wednesday, December 11, 2024 6:52 AM IST
അപകടപരമ്പരകൾ അരങ്ങേറി ബൈപാസിലെ മണ്ണക്കല്ല്
വിഴിഞ്ഞം: അപകട പരമ്പരകൾ അരങ്ങേറിയിട്ടും പഠിക്കാതെ അധികൃതർ. ബൈപ്പാസിൽ പാലം പണിക്കായി റോസ് അടച്ചു സ്ഥാപിച്ച കോൺക്രീറ്റ് ബ്ലോക്കിൽ ബൈക്കിടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. കന്യാകുമാരി മാധവ വിലാസം ഫാത്തിമ ഗാർഡൻസിൻ മുഹമ്മദ് റഷീദിന്റെയും സീമയുടെയും മകൻ മുഹമ്മദ് ആഷിക് (23) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒന്നരയോടെ കോവളം - കാരോട് ബൈപ്പാസിൽ പഴയകട മണ്ണക്കല്ലിനു സമീപമായിരുന്നു അപകടം. തിരുവനന്തപുരം മെഹ്റാജ് ടെക്സ്റ്റ യിൽസിലെ സെയിൽസ്മാനായ ആഷിക് രാത്രിയിൽ കടയിലേക്കു പോവുകയായിരുന്നു. നാലു വരിപ്പാത അടച്ചു രണ്ടുവരിയാക്കിയ കാര്യമറിയാതെ ബൈക്ക് ഓടിച്ചുവന്ന യുവാവ് റോഡിൽ നിരത്തി വച്ചിരുന്ന കോൺക്രീറ്റ് കല്ലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡിൽ തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആഷിക്കിനെ നാട്ടുകാർ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ മരിക്കുകയാ യിരുന്നു. പൂവാർ പോലീസ് മേൽനടപടി സ്വീകരിച്ചു പോസ്റ്റു മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അൻവർ, ആൽഫിയ എന്നിവർ സഹോദരങ്ങളാണ്.
ഒരാഴ്ചക്കുള്ളിൽ ഇവിടെ നടക്കുന്ന ആറാമത്തെ അപകടമാണിതെന്നു നാട്ടുകാർ പറയുന്നു. പാലം പണി തുടങ്ങിയശേഷം അപകടപരമ്പരകൾ അരങ്ങേറിയെങ്കിലും പരിഹാരം കാണാതെയുള്ള അധികൃതരുടെ നടപടിയിൽ വ്യാപക പരാതി ഉയരുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ കല്ലിൽതട്ടി നിയന്ത്രണം തെറ്റിയ ലോറി തലകീഴായി മറിഞ്ഞു ഡ്രൈവർക്കു പരിക്കേറ്റിരുന്നു. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം കാറും ബൈക്കുകളും ഉൾപ്പെടെ നിരവധിവാഹനങ്ങൾ അപകടത്തിൽപ്പെട്ടതായി സ്പെഷൽ ബ്രാഞ്ചും പറയുന്നു.
ബൈപാസിനു മുകളിലൂടെ തിരക്കേറിയപഴയകട - കുളത്തൂർ റോഡുകളെ ബന്ധിപ്പിക്കുന്നതിനായി നിർമിക്കുന്ന പാലത്തിന്റെ നിർമാണമാണു വാഹനയാത്രികൾക്ക് വിനയായത്. ബീമുകൾ സ്ഥാപിക്കുന്നതിനു റോഡിൽ കുഴിയെടുത്ത അധികൃതർ റോഡിന്റെ വീതി കുറച്ചു. കഷ്ടിച്ചു രണ്ടു വാഹനങ്ങൾക്കു കടന്നുപോകാൻ മാത്രം വീതിയിൽ ഒതുക്കിയ റോഡിൽ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾ കടന്നുപോകാൻ ലക്ഷ്യമിട്ട് അടയാളമായി കോൺക്രീറ്റ് ബ്ലോക്കുകൾ നിരത്തിവച്ചു.
എന്നാൽ ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ബൈപാസ് റോഡ് അടച്ച അധികൃതർ ജനത്തിന്റെ ജീവനും സ്വത്തും സംരക്ഷിച്ചു സുരക്ഷയെരുക്കുന്നതിനാവശ്യമായ മുന്നറിയിപ്പ് സംവിധാനമൊരുക്കാൻ മറക്കുകയായിരുന്നു. ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് അപകടമറിയുന്നത്.
വേഗത്തിൽ ബ്രേക്കുചവിട്ടുന്നതിനിടയിൽ കല്ലുകളിലേക്ക് ഇടിച്ച് കയറി അപകടമുണ്ടാവുകയാണ് പതിവെന്നു നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
പഴയകട -പൂവാർ റോഡിനെ ബന്ധിപ്പിച്ചുള്ള പാലത്തിനു കഷ്ടിച്ച് നൂറുമീറ്റർ മാറിയാണു പുതിയ പാലംപണി. ചെറിയ വളവും കയറ്റിറക്കവുമുള്ള ഭാഗമായതിനാൽ മുൻകൂട്ടി അപകടാവസ്ഥയറിയാനും വാഹന ഡ്രൈവർമാർക്കു പലപ്പോഴും കഴിയാറില്ല. തൊട്ടടുത്തായി അധികൃതർ സ്ഥാപിച്ചിട്ടുള്ള താല്കാലിക മുന്നറിയിപ്പു സംവിധാനം ദൂരെ നിന്നു വ്യക്തമായി കാണാൻ കഴിയാത്തതും ഇവിടത്തെ അപകടങ്ങൾക്കു വഴിയൊരുക്കുന്നു.