20 വര്‍ഷത്തെ കാത്തിരിപ്പിന് പരിഹാരമൊരുക്കി താലൂക്ക് അദാലത്ത്
1485832
Tuesday, December 10, 2024 6:04 AM IST
തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരത്തു നടന്ന കരുതലും കൈത്താങ്ങും തിരുവനന്തപുരം താലൂക്ക് തല അദാലത്ത് മേനംകുളം സ്വദേശിനി ശൈലജക്ക് നല്‍കിയത് പുതിയ പ്രതീക്ഷകളുടെ കൈത്താങ്ങ്.
ശൈലജയ്ക്ക് സ്വന്തം ഭൂമിയില്‍ കരം അടയ്ക്കുന്നതിന് 20 വര്‍ഷമാണ് കാത്തിരിക്കേണ്ടി വന്നത്. കൈവശം അനുഭവിച്ചിരുന്ന അഞ്ച് സെന്റ് ഭൂമിയില്‍ നിയമപരമായ തടസങ്ങളെ തുടര്‍ന്ന് കരം ഒടുക്കാന്‍ കഴിയാതെ വരികയായിരുന്നു.
ശൈലജയുടെ വിഷമത്തിന് അന്തിമ പരിഹാരമായ ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് കൈമാറുകയായിരുന്നു. മേനംകുളം വില്ലേജില്‍ ചിറ്റാറ്റുമുക്ക് തുമ്പവിളാകം വീട്ടില്‍ 20 വര്‍ഷമായി താമസിക്കുകയാണ് ശൈലജയും ഭര്‍ത്താവും രണ്ട് മക്കളും അടങ്ങുന്ന കുടുംബം. 2017ല്‍ പാറ്റൂരില്‍ ഉണ്ടായ ടെംബോ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശൈലജ ആറു മാസക്കാലത്തോളം ആശുപത്രിയിലും, ഇപ്പോള്‍ തുടര്‍ ചികിത്സയിലുമാണ്. ശൈലജയുടെ ഭര്‍ത്താവും വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശതയിലാണ്. ആലുംമുക്ക് ബംഗ്ലാവില്‍ ജോസഫ് റിച്ചാര്‍ഡിന്റെ പക്കല്‍ നിന്നാണ് ശൈലജയും ഭര്‍ത്താവും അഞ്ച് സെന്റ് വസ്തു വാങ്ങുന്നത്.
ചെറിയ ഷെഡ് ഉള്‍പ്പെടുന്ന അഞ്ച് സെന്റ് ഭൂമിയില്‍ 20 വര്‍ഷമായി താമസിക്കുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങള തുടര്‍ന്ന് കരം ഒടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ താലൂക്ക് അദാലത്തില്‍ ലഭിച്ച അപേക്ഷയിന്മേല് ഈ വസ്തുവില്‍ മറ്റ് തര്ക്കങ്ങളൊന്നുമില്ലെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോക്ക് വരവ് ചട്ടം 28 പ്രകാരം കരം അടയ്ക്കുന്നതിന് ശൈലജയ്ക്ക് അനുകൂലമായ ഉത്തരവ് ലഭിച്ചു.
കരുതലും കൈത്താങ്ങും 554 അപേക്ഷകള്‍ തീര്‍പ്പാക്കി
തിരുവനന്തപുരം: മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്. അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ഗവണ്മെന്റ് വിമെന്‍സ് കോളജില്‍ നടന്ന കരുതലും കൈത്താങ്ങും തിരുവനന്തപുരം താലൂക്ക് തല അദാലത്തില്‍ വിവിധ വകുപ്പുകളിലായി 554 അപേക്ഷകള്‍ തീര്‍പ്പാക്കി.
1,137 അപേക്ഷകളാണ് ആകെ ലഭിച്ചത്. ഇതില്‍ 312 അപേക്ഷകള്‍ നടപടിക്രമത്തിലാണ്. 204 അപേക്ഷകള്‍ പരിഗണനാ വിഷയങ്ങളില്പ്പെടുന്നതായിരുന്നില്ല. അദാലത്ത് വേദിയില്‍ ഒരുക്കിയ പ്രത്യേക കൗണ്ടറുകളിലൂടെ 379 അപേക്ഷകളാണ് നേരിട്ട് ലഭിച്ചത്. നെയ്യാറ്റിന്‍കര താലൂക്ക് അദാലത്ത് ഇന്നു രാവിലെ പത്തിന് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.