ഭിന്നശേഷിക്കാരിയുടെ കൊലപാതകം: പ്രതി പിടിയിൽ
1486157
Wednesday, December 11, 2024 6:52 AM IST
പോത്തൻകോട്: ഭിന്നശേഷിക്കാ രിയായ പോത്തൻകോട്ടെ തങ്കമണിയുടെ കൊലപാതകത്തിലേയ്ക്ക് നയിച്ചത് ഷർട്ടിടാത്തത് ചോദ്യം ചെയ്തതെന്നു പോലീസ്. പുലർച്ചെ തൗഫിഖ് ഷർട്ടിടാതെ നിൽക്കുന്നതു തങ്കമണി ചോദ്യം ചെയ്തി രുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി.
വാക്കേറ്റത്തിനൊടുവിൽ തൗഫീഖ് തങ്കമണിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തി നുശേഷം തൗഫീഖ് തങ്കമണിയുടെ കമ്മൽ ഊരിയെടുത്തുകടന്നുകളയുകയും ചെയ്തു. തങ്കമണിയുടെ ലുങ്കി ഊരിയെടുത്തു ശരീരത്തിൽ പുതപ്പിച്ചതിനുശേഷമാണു തൗഫീഖ് സംഭവസ്ഥലത്തുനിന്നും മടങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തൗഫീഖിനെ പിടികൂടിയത്. പ്രതിയിൽ നിന്നും തങ്കമണിയുടെ കമ്മൽ കണ്ടെത്തി.
നിരവധി കേസുകളിലെ പ്രതിയാണ് തങ്കമണിയെ കൊലപ്പെടുത്തിയ തൗഫീഖ്.
മോഷ്ടിച്ചെടുത്ത വാഹനത്തിലായിരുന്നു തൗഫീഖ് പോത്തൻകോട്ടെത്തിയത്. തമ്പാനൂർ സ്റ്റേഷനിൽ ഈ വാഹനം നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ചൊവ്വാഴ്ച പുലർച്ചെയാണ് പോത്തൻകോട് ഒറ്റയ്ക്ക് താമസിക്കുന്ന 65കാരിയായ തങ്കണമണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള പുരയിടത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഇവരുടെ മുഖത്ത് മുറിപ്പാടുകളും ഉണ്ടായിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്: മരണകാരണം തലയ്ക്കേറ്റ ക്ഷതം
പോത്തൻകോട്: തങ്കമണി കൊലക്കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. വയോധിക ബലാത്സംഗത്തിന് ഇരയായെന്നാണു റിപ്പോർട്ട്. സ്വകാര്യ ഭാഗങ്ങളിൽ മുറിവുകണ്ടെത്തി. തലയ്ക്കേറ്റ ക്ഷതമാണു മരണകാരണമെന്നും റിപ്പോർട്ടില്‍ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളില്‍ സംശയകരമായിക്കണ്ട പോത്തൻകോട് സ്വദേശി തൗഫീഖ് പോലീസ് കസ്റ്റഡിയിലുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാൾക്കെതിരെ പോക്സോ കേസുകളടക്കം നിലവിലുണ്ടെന്നു പോലീസ് അറിയിച്ചു. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണി (69)യാണ് മരിച്ചത്.
ഇന്നലെ രാവിലെ വീടിനോടു ചേർന്നുള്ള പുരയിടത്തിൽ തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ മുഖത്തു മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ പുതച്ചനിലയിലുമായിരുന്നു. പുലർച്ചെ പൂപറിക്കാൻ പോയതാണു തങ്കമണിയെന്നാണു പോലീസിന്റെ സംശയം.
മൃതദേഹത്തിനു സമീപത്തു ചെമ്പരത്തി പൂക്കൾ ഉൾപ്പെടെ ചിതറിക്കിടപ്പുണ്ട്. ഇതൊല്ലാമുൾപ്പെടുത്തി കൊലപാതക സാധ്യത മുൻനിർത്തിയാണ് മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചത്.
ഇന്നലെ രാവിലെ സഹോദരിയാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. നിയമപരമായ നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.