ഐഎഫ്എഫ്കെ: സ്മൃതിദീപ പ്രയാണം ഇന്ന്
1486354
Thursday, December 12, 2024 2:30 AM IST
നെയ്യാറ്റിന്‍കര: കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തിരശീലയുയരുന്നതിനു മുന്നോടിയായി നെയ്യാറ്റിന്‍കരയിലെ ജെ.സി. ഡാനിയല്‍ സ്മാരകത്തില്‍നിന്ന് സ്മൃതിദീപ പ്രയാണം ഇന്നു പുറപ്പെടും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലുള്ള ഫിലിം ഫെസ്റ്റിവലില്‍ ആദ്യമായാണ് സ്മൃതിദീപ പ്രയാണം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
മലയാള ചലച്ചിത്ര ലോകത്തിന്റെ പിതാവ് ജെ.സി. ഡാനിയേലിന്റെ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സ്മാരകത്തിനു മുന്നില്‍ നിന്നും രാവിലെ 9.30ന് സ്മൃതിദീപ പ്രയാണം ആരംഭിക്കും. ഉദ്ഘാടന ചടങ്ങില്‍ കെ. ആന്‍സലന്‍ എംഎല്‍എ, നെയ്യാറ്റിന്‍കര നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന്, കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. തുടര്‍ന്നു രാവിലെ പത്തരയോടെ സ്മൃതിദീപ പ്രയാണം നെയ്യാറ്റിന്‍കര കോമളത്തിന്റെ വസതിയില്‍ എത്തിച്ചേരും. നെയ്യാറ്റിന്‍കര നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്മൃതിദീപ പ്രയാണം പൂര്‍ത്തിയാക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചിരുന്നു.