വാമനപുരം അഞ്ചാം ക്ലാസുകാരന് മുങ്ങി മരിച്ചു
1486311
Wednesday, December 11, 2024 10:36 PM IST
ആറ്റിങ്ങല്‍: വാമനപുരം ആറ്റില്‍ ഇടയാവണത്ത് അവനവഞ്ചേരി ഗവ.എച്ച്എസിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. നഗരൂര്‍ വെള്ളംകൊള്ളി ശിവകൃപ വീട്ടില്‍ നിന്നും ആറ്റിങ്ങല്‍ ചന്തറോഡിലുള്ള ചന്ദ്രഗീതം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അഖില്‍-അനു ദമ്പതിമാരുടെ മൂത്തമകന് ശിവനന്ദനാണ് (10) മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. കൂട്ടുകാരനുമൊത്ത് വാമനപുരം ആറ് കാണാനെത്തിയതായിരുന്നു. ആറ്റുതീരത്തെത്തിയ ശിവനന്ദന് വസ്ത്രങ്ങളഴിച്ചുവച്ച് ആറ്റിലിറങ്ങിനോക്കിയപ്പോള്‍ ചെളിയില്‍ പുതഞ്ഞുപോയി.
കയറാന്‍ പറ്റുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് കൂട്ടുകാരനായ വിവേക് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് മുതിര്‍ന്നവരെ വിവരം അറിയിച്ചു. അവരെത്തിയപ്പോഴേക്കും ശിവനന്ദന് വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു.
തുടര്‍ന്ന് ആറ്റിങ്ങല്‍ അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.ആറ്റിങ്ങല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.