കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ചുറ്റുമതിലില്‍ മരങ്ങള്‍ വളർന്നത് ഭീഷണി
1461480
Wednesday, October 16, 2024 5:56 AM IST
പാറശാല: കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡിലെ പുറകുവശത്തെ ചുറ്റുമതിലില്‍ വളര്‍ന്നു നില്ക്കുന്ന പാഴ്മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. ഏകദേശം 20 അടി ഉയരമുള്ള കരിങ്കല്ലില്‍ നിര്‍മിച്ച ചുറ്റുമതിലിലാണ് പാഴ് മരങ്ങളുടെ വേരുകള്‍ മതിലില്‍ വളര്‍ന്നു കയറിയിരിക്കുന്നത്.
മതിലില്‍ രൂപപ്പെട്ട വിള്ളലുകൾവഴി മഴ സമയത്ത് വെള്ളം റോഡിലേക്ക് കുത്തിയൊലിച്ചുവരുന്നതും പതിവാണ്. ബസ് സ്റ്റാൻഡിന്റെ പുറകുവശത്തെ മതില് സ്ഥിതി ചെയ്യുന്ന റോഡ് ഏറെ തിരക്കുള്ള ആര്‍സി സ്ട്രീറ്റ്-ആലുംമൂട് ജംഗ്ഷന് റോഡാണ്. ഈ റോഡില്‍ രണ്ടു ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ ഉള്‍പ്പെടെ നിരവധിയായ സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. ഏഴു സ്കൂളിലേക്കുള്ള കുട്ടികളും അവരെ കൊണ്ടുവരുന്ന സ്കൂള്‍ വാഹനങ്ങള്‍ ഉള്പ്പെടെവയും ഇതുവഴിയാണ് സഞ്ചരി ക്കുന്നത്.
ബന്ധപ്പെട്ടവര്‍ എത്രയും വേഗത്തില്‍ പാഴ് മരങ്ങള്‍ മുറിച്ചുമാറ്റി കെഎസ്ആര്‍ടിസിയുടെ ചുറ്റുമതില്‍ ബലപ്പെടുത്തി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.