തകർച്ച പൂർത്തിയാക്കി വാഴോട്ടുകോണം-കുഴിവിള റോഡ്
1461479
Wednesday, October 16, 2024 5:56 AM IST
പേരൂർക്കട: വാഴോട്ടുകോണം വാർഡിൽ ഉൾപ്പെട്ട വാഴോട്ടുകോണം-കുഴിവിള റോഡ് പൂർണമായി തകർന്ന നിലയിൽ. 200 മീറ്ററോളം വരുന്ന റോഡിന്റെ അങ്ങിങ്ങായി മാത്രമാണ് ടാറിംഗ് ഉള്ളത്. വെള്ളമൊഴുകി ചാലുകളുണ്ടായത് പോലെയാണ് റോഡിന്റെ അവസ്ഥ. തകർന്ന ഭാഗത്തു മെറ്റലുകളും മണ്ണും കൂടി കലർന്നു കിടക്കുകയാണ്. ശേഷിക്കുന്ന ടാറിലൂടെ ഇരുചക്ര വാഹന യാത്രക്കാർക്കു പോലും സഞ്ചരിക്കാൻ സാധിക്കുന്നില്ല.
തിരുവനന്തപുരം നഗരസഭാ പരിധിയിൽപെടുന്നതാണ് ഈ റോഡ്. 50-ഓളം കുടുംബങ്ങളാണ് റോഡിനിരുവശത്തുമായി താമസിക്കുന്നത്. റോഡിന്റെ തകർച്ച തുടങ്ങിയിട്ട് രണ്ടു വർഷത്തിൽ കൂടുതലായിട്ടുണ്ടെന്നു പ്രദേശവാസികൾ പറയുന്നു.
ഫണ്ടിന്റെ അപര്യാപ്തത തന്നെയാണ് തിരുവനന്തപുരം നഗരസഭയ്ക്കും വാർഡ് കൗൺസിലർക്കും പറയാനുള്ളത്. റോഡിന്റെ പരിപൂർണമായി ടാറിംഗ് ഇനി എന്നുണ്ടാകും എന്ന കാര്യത്തിൽ ആർക്കും മറുപടിയില്ലാത്ത സ്ഥിതിയാണെന്നും നാട്ടുകാർ.