മാലിന്യംകൊണ്ട് പൊറുതിമുട്ടി പാങ്ങോട്; കിള്ളിയാറിന്റെ കരയിലും മാലിന്യനിക്ഷേപം
1461478
Wednesday, October 16, 2024 5:56 AM IST
പേരൂർക്കട: തിരുവനന്തപുരം നഗരസഭാ പരിധിയിൽ പാങ്ങോട് വാർഡിൽ മാലിന്യനിക്ഷേപം രൂക്ഷമായി തുടരുന്നു. അനധികൃത മാലിന്യത്തിനെതിരേ നടപടി സ്വീകരിക്കാത്തതാണ് മാലിന്യത്തിന്റെ തോത് കൂടാൻ കാരണം.
പാങ്ങോട് വാർഡിലൂടെ ഒഴുകുന്ന കിളിയാറിന്റെ കരയിൽ സർവത്ര മാലിന്യമാണ്. പ്ലാസ്റ്റിക് കവറുകൾ, ചാക്കുകൾ, തുണി സഞ്ചികൾ എന്നിവയിലാണ് ഇറച്ചി-മത്സ്യ അവശിഷ്ടങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും കൊണ്ടുവന്നു തള്ളുന്നത്. പാലത്തിന്റെ മുകളിലൂടെ സഞ്ചരിക്കുന്നവർ വാഹനങ്ങളിൽ ഇരുന്നു മാലിന്യം താഴേക്ക് എറിയുകയാണ് ചെയ്യുന്നത്.
നായ്ക്കൾ കടിച്ചു പക്ഷികൾ കൊത്തിയും ഇവ ആറ്റിലേക്ക് വീഴുകയും ചെയ്യുന്നുണ്ട്. പാങ്ങോട് വാർഡിൽ ഉൾപ്പെടുന്ന ചിത്ര നഗർ, ഹരിത നഗർ തുടങ്ങിയ സ്ഥലങ്ങളിൽ മാലിന്യ നിക്ഷേപം രൂക്ഷമായിരിക്കുകയാണെന്ന് പ്രദേശവാസികൾ പരിതപിക്കുന്നു.
കാമറകൾ സ്ഥാപിക്കുന്നതിനും പോലീസിന്റെ രാത്രികാല പട്രോളിംഗ് നടത്തുന്നതിനും ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തുന്നതിനും ഇവിടെ ശ്രദ്ധ പുലർത്തുന്നില്ല.
അധികൃതരോടു പരാതി പറഞ്ഞു മടുത്ത അവസരത്തിൽ പൊതുജനങ്ങൾ ഒന്നിച്ച് ഒരു സ്ക്വാഡായി രാത്രികാലങ്ങളിൽ ഇറങ്ങി ചില മാലിന്യ നിക്ഷേപം പിടിച്ചുവെങ്കിലും ഇതു സ്ഥിരമായി നടത്താൻ സാധിക്കാതെ വന്നതോടെ മാലിന്യ നിക്ഷേപം തുടരുന്നുണ്ട്. പിക്കപ്പ് ലോറികളിലും ഓട്ടോറിക്ഷകളിലും സവാരി ഓട്ടോകളിലുമെത്തി മാലിന്യം ഉപേ ക്ഷിക്കുന്നവരുമുണ്ട്.