ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വൈദ്യുതിയില്ല: കൈകുഞ്ഞുങ്ങളുമായി എത്തുന്നവർ വലയുന്നു
1461458
Wednesday, October 16, 2024 5:45 AM IST
കാട്ടാക്കട: ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വൈദ്യുതി ഇല്ല. കൈകുഞ്ഞുങ്ങളുമായി എത്തുന്നവർ വലയുന്നു. കാട്ടാക്കട പഞ്ചായത്തിനു കീഴിൽ തൂങ്ങാമ്പാറയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിൽ (ആയൂഷ്മാൻ ആരോഗ്യ മന്ദിർ) ആണ് വൈദ്യുതിയും വെള്ളവുമില്ലാതെ ആളുകൾ ബുദ്ധിമുട്ടുന്നത്. ഇത് ഇവിടുത്തെ പ്രവർത്തനത്തെയും ഒപ്പം ജനങ്ങളെയും കാര്യമായി ബാധിക്കുന്നുണ്ട്. വാക്സിനേഷൻ ഉൾപ്പെടെ വിവിധ കുത്തി വയ്പിന്നും, തുള്ളി മരുന്നു സ്വീകരിക്കാനും എത്തുന്നവർ ഇതുകാരണം ആകെ ബുദ്ധിമുട്ടുകയാണ്.
2023 ജൂലൈയിൽ പ്രവർത്തന ഉദ്ഘാടനം നടത്തിയ ഇവിടെ ഗ്രാമീണ മേഖലയിലെ നിരവധി കുടുംബങ്ങൾക്ക് ആശ്രയമാണ്. കുഞ്ഞുങ്ങളുമായെത്തി മണിക്കൂറുകൾ ഇവിടെ കാത്തിരിക്കേണ്ടി വരുമ്പോഴും ഊഴം കാത്തു വാക്സിനേഷനോ തുള്ളിമരുന്നോ സ്വീകരിച്ചു കഴിഞ്ഞ് ഇവിടെ ഇരിക്കുമ്പോഴും കുട്ടികൾ ചൂടേറ്റ് വലയുകയാണ്.
കെട്ടിടത്തിനുള്ളിൽ വൃത്തിയുള്ള ഫാനുകൾ തൂങ്ങുന്നുണ്ടെങ്കിലും ഇവയൊന്നും പ്രവർത്തിക്കുന്നില്ല. ബൾബുകൾ ഉണ്ട്, പക്ഷെ ഇവയൊന്നും കത്തില്ല. വൈദ്യുതി ഇല്ലാത്തതാണ് പ്രശ്നമെന്നു ജീവനക്കാർ തന്നെ പറയുന്നുണ്ട്.എന്നാൽ ഇതിനെന്തു പ്രതിവിധി എന്ന് ഇവർക്ക് അറിയില്ല.
2020ൽ എംഎൽഎ യുടെ വി കസന ഫണ്ടു വിനിയോഗിച്ച് ജില്ലാ പഞ്ചായത്താണ് ആരോഗ്യ സബ് സെന്റർ നിർമിച്ചത്. ഇവിടെയാണ് ഇപ്പോൾ കാറ്റും വെളിച്ചവും വെള്ളവുമില്ലാതെ പൊതു ജനവും ജീവനക്കാരും ബുദ്ധിമുട്ടുന്നത്. പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ സൗകര്യം ഇല്ല.
ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട മരുന്നുകൾ എവിടെയാണ് സൂക്ഷിക്കുന്നതെന്ന് അറിയില്ല. വായു സഞ്ചാരം തീരെയില്ലാത്ത കെട്ടിടത്തിൽ വൈദ്യുതി ഇല്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പൊതു ജനോപകാരപ്രദമായ ആരോഗ്യ കേന്ദ്രത്തിന്റെ അപാകതകൾക്കു പരിഹാരം കാണാൻ ആവശ്യമായ നടപടി അധികൃതർ സ്വീകരിക്കണ മെന്നും ആവശ്യമുയരുന്നുണ്ട്.