റോഡു കൈയേറി കച്ചവടം: ഗതാഗതക്കുരുക്ക് രൂക്ഷം
1461457
Wednesday, October 16, 2024 5:45 AM IST
നെടുമങ്ങാട്: റോഡരിക് തെരുവു കച്ചവടക്കാര്‍ കൈയേറുകയും അനധികൃത പാർക്കിംഗ് വർധിക്കുകയും ചെയ്തതോടെ നെടുമങ്ങാട് ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷം. ടൗണിൽ വലിയ വാഹനങ്ങള്‍ വന്നാല്‍ ഗതാഗത കുരുക്ക് ഉറപ്പാണ്. കാല്‍നട യാത്രക്കാര്‍ക്കുള്ള സ്ഥലം കൈയേ റി കച്ചവടം പൊടിപൊടിക്കുന്നു. ടൗണും പരിസരത്തെ റോഡുകളും തെരുവ് കച്ചവടക്കാര്‍ കൈയേറിയിട്ടു നാളേറെയായി.
ഇവരെ ഒഴിപ്പിക്കാനോ പാതകള്‍ അപകടരഹിതമാക്കാനോ നഗരസഭ തയാറല്ല. ജില്ലാ ആശുപത്രിക്കു മുന്നില്‍നിന്നും നടന്നു മാര്‍ക്കറ്റ് ജംഗ്ഷനിലെത്തണമെങ്കില് സര്‍ക്കസ് പഠിക്കണം. ഈ ഭാഗത്തെ കടകളിലെ സാധനങ്ങളെല്ലാം റോഡിലാണ് നിരത്തിയിരിക്കുന്നത്. അതും മണ്‍വെട്ടി, കോടാലി, തേങ്ങാപൊതിക്കുന്ന ഉപകരണം തുടങ്ങി അപകടകരമായ സാധനങ്ങള്‍.
ഇതുവഴി പോകുന്ന കാല്‍നട യാത്രക്കാര്‍ ഇവിടെയുള്ള സാധനങ്ങള്‍ ദേഹത്തു തട്ടാതിരിക്കാന്‍ റോഡില്‍ ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. മണ്‍പാത്രങ്ങള്‍ മുതല്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയുടെയെല്ലാം വില്‍പ്പനയും റോഡില്‍ തന്നെ. റോഡരികിലെ നടപ്പാതകള്‍ കൈയേറിയാണ് സാധനങ്ങള്‍ ഇറക്കിവച്ചിരിക്കുന്നത്.
ഏറെ ജനത്തിരക്കേറിയ നെടുമങ്ങാട് മാര്‍ക്കറ്റ് ജംഗ് ഷനിലാണ് റോഡു കൈയേറി കച്ചവടം ഏറ്റവും അപകടകരമായിരിക്കുന്നത്. വാഹനങ്ങള്‍ വരുമ്പോള്‍ അല്പമൊന്നൊഴിയാന് പോലും ഇവിടെ സ്ഥലമില്ല. മുന്‍പ് നഗരസഭ റോഡരികില്‍നിന്ന് ഒഴിപ്പിച്ച അനധികൃത വഴിയോര കച്ചവടക്കാര്‍ വീണ്ടും അതേസ്ഥലത്തു തന്നെ റോഡുകള്‍ കൈയടക്കിട്ടുണ്ട്.
നഗരസഭയുടെ ലൈസന്‍സില്ലാതെയും നടപ്പാതകൈയേറിയും കച്ചവടം നടത്തുന്നവരെ നിയന്ത്രിക്കാന്‍ നഗരസഭ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കൊടിമരങ്ങളും കൈയേറ്റങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്കു വിവിധ വകുപ്പുകള്‍ നോട്ടീസ് നല്‍കിയെങ്കിലും ഭരണകക്ഷികളുടെ അടക്കം പല ബോര്‍ഡുകളും കൊടിമരങ്ങളും ഇപ്പോഴും നിരത്തുകള്‍ കൈയടക്കിയിരിക്കുകയാണ്.
നെടുമങ്ങാട്ടെ പെട്ടിക്കടകളിലധികവും റോഡിലേക്കിറക്കിയാണ് കെട്ടിയിരിക്കുന്നത്. അതും വലിയ കടകള്‍ക്കു മുന്നില്‍. വലിയ കടയുടമകള്‍ തന്നെ ദിവസവാടക ഈടാക്കിയാണ് പെട്ടികടകള്‍ക്ക് സ്ഥലം വിട്ടു നല്‍കിയിരിക്കുന്നത്. പ്രതിദിനം 200മുതല്‍ 300രൂപവരെയാണ് പെട്ടിക്കടകളുടെ പ്രതിദിന വാടക. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന 150- ലധികം കടകള്‍ നെടുമങ്ങാട് നഗരത്തിനകത്തുണ്ട്.
ഇവ എടുത്തുമാറ്റാന്‍ പലവട്ടം നോട്ടീസുകള്‍ നല്‍കിയിട്ടും ചില രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായി അവയെല്ലാം തല്‍സ്ഥാനത്തുതന്നെ തുടരുന്നുണ്ട്. പോലീസിന്റെയും നഗരസഭയുടെയും ശക്തമായ ഇടപെടലുകള്‍ ഉണ്ടെങ്കില്‍ മാത്രമേ നഗരത്തിലെ ഈ അപകടാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ സാധിക്കു. അനധികൃതമായ വാഹനപാര്‍ക്കിങ്ങ് കൂടി ആകുന്നതോടെ മിക്കപ്പോഴും നെടുമങ്ങാട് നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്.