കടലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി
1461456
Wednesday, October 16, 2024 5:45 AM IST
വിഴിഞ്ഞം: വർക്കല ഭാഗത്തെ കടലിൽ എൻജിൻ തകരാറിലായി കിടന്ന ട്രോളർ ബോട്ടിനെയും തൊഴിലാളികളെയും രക്ഷിച്ച് വിഴിഞ്ഞത്തെത്തിച്ചു. മുതലപ്പൊഴിയിൽ കയറ്റാനുള്ള ശ്രമം കടൽക്ഷോഭം കാരണം ഉപേക്ഷിക്കുയായിരുന്നു.
ഇന്നലെ രാവിലെ കൊച്ചുവേളിയിൽ കാണാതായ മത്സ്യത്തൊഴിലാളിക്കുവേണ്ടി മാതാബോട്ടിൽ തെരച്ചിൽ നടത്തുന്നതിനിടയിലാണ് വർക്കല ഭാഗത്ത് തമിഴ്നാട് സ്വദേശി ജാക്സന്റെ ഉടമസ്ഥതയിലുള്ള സെ ന്റ് മേരി എന്ന ബോട്ട് എൻജിൻ തകരാറിലായി കിടക്കുന്ന വിവരം കോസ്റ്റൽ പോലീസിൽനിന്നും മറൈൻ എൻഫോഴ്സ്മെന്റ് അറിഞ്ഞത്. പിന്നീട് വർക്കല ഭാഗത്തു നിന്നും ബോട്ടിനെ കെട്ടിവലിച്ച് മുതലപ്പൊഴിക്കു സമീപം എത്തിച്ചു.
എന്നാൽ മുതലപ്പൊഴിയിൽ കയറാൻ പറ്റാത്ത സാഹചര്യമായതിനാൽ വിഴിഞ്ഞം മറൈൻ ആംബുലൻസിന്റെ സഹായം തേടി. മുതലപ്പൊഴിയിലെത്തിയ ആംബുലൻസ് തമിഴ്നാട് ബോട്ടിനെ കെട്ടിയവലിച്ച് വിഴിഞ്ഞത്തക്കു കൊണ്ടുവന്നു.
ബോട്ടിൽ ഉണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണ്. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ രാജേഷിന്റെ നിർദേശപ്രകാരം എസ്സി പിഒ സുഗതൻ, സിപിഒ അനിൽ, ആംബുലൻസ് ക്യാപ്റ്റൻ വാൽത്തൂസ്, ചീഫ് എൻജിനീയർ അരവിന്ദൻ, നഴ്സ് ശ്യാം, ലൈഫ് ഗാർഡുമാരായ നസ്രത്ത്, ഷാജഹാൻ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.