ഉപഭോക്തൃ കമ്മീഷനിൽ മീഡിയേറ്റർമാരുടെ ദ്വിദിന പരിശീലന ക്യാമ്പ് തുടങ്ങി
1461453
Wednesday, October 16, 2024 5:45 AM IST
തിരുവനന്തപുരം: സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ എംപാനൽ ചെയ്യപ്പെട്ട മീഡിയേറ്റർമാർക്ക് ദ്വിദിന പരിശീന ക്ലാസ് ആരംഭിച്ചു. മന്ത്രി ജി.ആർ. അനിൽ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മാസ്റ്റർ ട്രയിനർമാരായ അഭിഭാഷകർ രണദിവെ, ലീന ജയസൂര്യൻ, ഗിരീന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുക്കപ്പെട്ട 40 മീഡിയേറ്റർമാർക്കായി പരിശീലനം നൽകുന്നത്. കമ്മീഷനിൽ കെട്ടിക്കിടക്കുന്ന അയ്യായിരത്തോളം കേസുകൾ വേഗത്തിൽ തീർപ്പാക്കുകയാണു ലക്ഷ്യം. ട്രെയിനിംഗ് ഇന്ന് സമാപിക്കും.
ചടങ്ങിൽ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ അധ്യക്ഷനായി. അഡീഷണൽ അഡ്വക്കറ്റ് ജനറൽ അഡ്വ. കെ.പി. ജയചന്ദ്രൻ മുഖ്യാതിഥിയായി.
കൺസ്യൂമർ കമ്മീഷൻ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പരവൂർ ശശിധരൻ പിള്ള, ഉപഭോക്തൃ കമ്മീഷൻ ജുഡീഷ്യൽ അംഗം ഡി. അജിത്കുമാർ, കമ്മീഷൻ അംഗം കെ.ആർ. രാധാകൃഷ് ണൻ എന്നിവർ പ്രസംഗിച്ചു.